ഗ്രിഡ് ഒഴിവാക്കാനുള്ള ഏറ്റവും സ്റ്റൈലിഷ് മാർഗം ഏതാണ്? Is it Tulip Wind Turbine 🌷

Hello Friends!

വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഒരു ചെറിയ കുറിപ്പ്:

അയൽക്കാരെയോ പ്രാദേശിക വന്യജീവികളെയോ ശല്യപ്പെടുത്താതെ ശുദ്ധമായ ഊർജ്ജം നമ്മുടെ നഗരങ്ങളിൽ എങ്ങനെ മനോഹരമായി ഉൾപ്പെടുത്താമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, നിശബ്ദവും പൂക്കളുടെ ആകൃതിയിലുള്ളതുമായ “ട്യൂലിപ് ടർബൈൻ” ലേക്കുള്ള ഈ ഹ്രസ്വ വീക്ഷണം നിങ്ങൾക്കുള്ളതാണ്.  ഊർജ്ജരംഗത്ത് ഒരു വലിയ മാന്ത്രികവിദ്യ തന്നെ കാണിക്കാൻ പോവുകയാണ് ഈ പുതിയ സൂപ്പർ ഹീറോ!

സൂര്യപ്രകാശമില്ലെങ്കിലും 24 മണിക്കൂറും സൗജന്യമായി വൈദ്യുതി കിട്ടിയാലോ? അതാണ് ഈ ടർബൈന്റെ ഏറ്റവും വലിയ പ്രത്യേകത. സോളാർ പാനലുകൾ വയ്ക്കുന്നതുപോലെ വീടിനുമുകളിൽ ഒരുപാട് സ്ഥലമൊന്നും ഇതിനുവേണ്ട. നമ്മുടെ വീടുകളിൽ വാട്ടർ ടാങ്ക് വയ്ക്കുന്ന അത്രയും ചെറിയൊരു സ്ഥലം മാത്രം മതി ഇതിന്! വളരെ നേർത്ത കാറ്റിൽപ്പോലും ഈ കുഞ്ഞൻ ടർബൈൻ കറങ്ങും. അതെങ്ങനെയെന്നോ? ഇതിന്റെ ഡിസൈൻ വളരെ പ്രത്യേകതയുള്ളതാണ്; ഒരു ബ്ലേഡിൽ തട്ടുന്ന കാറ്റ് നേരെ ഉള്ളിലേക്ക് കടന്ന് മറ്റേ ബ്ലേഡിനെയും കൂടി കറക്കും. അങ്ങനെ ചെറിയ കാറ്റിലും വേഗത ഇരട്ടിയാകും! ഇത് വെച്ചാൽ നമ്മൾക്ക് വീട്ടിലെ എ.സി, ഫാൻ തുടങ്ങിയ എല്ലാ ഉപകരണങ്ങളും പേടിക്കാതെ ഉപയോഗിക്കാം.

അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക്, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഈ ട്യൂലിപ് ടർബൈൻ ഇപ്പോൾ വലിയ ഹിറ്റാണ്! പ്രമുഖ വ്യവസായിയായ ആനന്ദ് മഹേന്ദ്ര പോലും ഇത് വളരെ മികച്ചൊരു ഊർജ്ജ സ്രോതസ്സാണെന്ന് പറഞ്ഞ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. നമ്മുടെ വീടുകളിലും ഈ സിസ്റ്റം വയ്ക്കാൻ ഏകദേശം 50,000 മുതൽ 2 ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. സർക്കാരിൽ നിന്ന് സബ്‌സിഡി കൂടി കിട്ടിയാൽ ഇത് സോളാറിനെക്കാൾ ലാഭകരമാകും. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വലിയ വൈദ്യുതി   ബില്ലിൽ നിന്ന് രക്ഷപ്പെടാൻ ഇതൊരു കിടിലൻ വഴിയാണ്.

നമ്മുടെ വീടുകൾ, സ്കൂളുകൾ, നഗരപ്രദേശങ്ങൾ, പാർക്കുകൾ, ചെറിയ ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയുടെ മുകളിലൊക്കെ വയ്ക്കാൻ ഇത് വളരെ മികച്ചതാണ്. ശബ്ദമില്ലാതെ, ഏത് ദിശയിൽ നിന്നുള്ള കാറ്റിനെയും സ്വീകരിക്കാൻ ഇതിന് കഴിയും!

പക്ഷേ കൂട്ടുകാരേ, എല്ലാ സൂപ്പർ ഹീറോകൾക്കും ചില ദൗർബല്യങ്ങൾ ഉള്ളതുപോലെ ഇതിനുമുണ്ട് ചില ചെറിയ കുറവുകൾ:

  • വലിയ കാറ്റാടികളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതിന് വൈദ്യുതി ഉണ്ടാക്കാനുള്ള ശേഷി അല്പം കുറവാണ്.
  • നല്ല വേഗതയുള്ള കാറ്റില്ലെങ്കിൽ വൈദ്യുതി ഉത്പാദനവും കുത്തനെ താഴോട്ട് പോകും.
  • ഇത് ലംബമായി (Vertical-axis) കറങ്ങുന്നതുകൊണ്ട് ഇതിന്റെ ബ്ലേഡുകൾക്ക് നിരന്തരം കടുത്ത സമ്മർദ്ദം ഉണ്ടാകുകയും തേയ്മാനം വരാൻ സാധ്യതയുണ്ടാകുകയും ചെയ്യും.
  • ഒരു കിലോവാട്ട് വൈദ്യുതിക്ക് വരുന്ന ചിലവ് സാധാരണ കാറ്റാടികളേക്കാൾ കൂടുതലായിരിക്കും.
  • വലിയ വിൻഡ് ഫാമുകൾക്കും വൻകിട പദ്ധതികൾക്കും ഈ ടർബൈൻ ഒട്ടും അനുയോജ്യമല്ല.

ഇതൊരു പുതിയ സാങ്കേതികവിദ്യ ആയതുകൊണ്ട് ഇതിന്റെ ദീർഘകാലത്തെ വിജയത്തെക്കുറിച്ച് നമുക്ക് കൂടുതൽ കാര്യങ്ങൾ കാത്തിരുന്ന് തന്നെ കാണണം.

ചുരുക്കത്തിൽ പറഞ്ഞാൽ, ശബ്ദമില്ലാതെ വളരെ കുറഞ്ഞ സ്ഥലത്ത് നിന്ന് വീട്ടിലേക്കും സ്കൂളിലേക്കും ആവശ്യമായ വൈദ്യുതി ഉണ്ടാക്കാൻ ഈ ട്യൂലിപ് വിൻഡ് ടർബൈനുകൾ ശരിക്കും ഒരു അത്ഭുതം തന്നെയാണ്!. ഭാവിയിൽ നമ്മുടെ സ്കൂളിന്റെ മുകളിലും ഇതുപോലൊരു മാന്ത്രികപ്പൂവ് കറങ്ങുന്നത് നമുക്ക് കാണാൻ സാധിച്ചേക്കാം!

Leave a Reply

Your email address will not be published. Required fields are marked *