
കുട്ടിക്കാലത്തു ഓരോ ദിവസവും കിടക്കയിൽ നിന്നും ചാടിയാണ് നിങ്ങൾ എഴുന്നേറ്റിരുന്നത്. ജീവിതം ആ സമയത്ത് നിങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും വല്ലാത്തൊരു കൗതുകം നിങ്ങൾക്കുണ്ടായിരുന്നു. ലോകത്തെപ്പറ്റി കൂടുതൽ അറിയാനുള്ള ഒരു ശക്തമായ ഉൾപ്രേരണ നിങ്ങൾക്ക് അപ്പോൾ ഉണ്ടായിരുന്നു. ഒരു നിമിഷം പോലും നിങ്ങൾ വിശ്രമിച്ചിരുന്നില്ല. ജീവിതം നിങ്ങൾക്കൊരു കളിസ്ഥലം ആയിരുന്നു. നിങ്ങളുടെ സ്ഥായി ഭാവം, നിറഞ്ഞു തുളുമ്പുന്ന സന്തോഷമായിരുന്നു. സങ്കടവും ദേഷ്യവും എല്ലാം താൽക്കാലികമായ വികാരങ്ങൾ മാത്രമായിരുന്നു. നിമിഷനേരങ്ങളിൽ അവ നിങ്ങളെ വിട്ടുപോകുമായിരുന്നു. ഉറങ്ങുവാനായി അമ്മ നിർബന്ധിക്കുമ്പോൾ നിങ്ങൾ സമ്മതിക്കുകയില്ലായിരുന്നു; കാരണം ഈ അത്ഭുത ലോകത്തിന്റെ ലഹരി നിങ്ങളെ അത്രയധികം ആകർഷിച്ചിരുന്നു. ഓർമ്മയുണ്ടോ നിങ്ങൾക്ക് ആ കാലം; നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരകരമായ കാലം. എങ്ങനെയായിരിക്കും ആ ഒരു മാനസികാവസ്ഥയിൽ നിന്നും ഇപ്പോഴത്തെ ഒരു മാനസികാവസ്ഥയിലേക്ക് നിങ്ങൾ എത്തിയത്.
പ്രായം കൂടിയപ്പോൾ ഉത്തരവാദിത്വവും കൂടി, അന്നത്തെ ചുറ്റുപാടല്ല ഇപ്പോൾ, അന്ന് വീട്ടുകാരാണ് എല്ലാം നോക്കിയിരുന്നത്, ഇന്ന് അങ്ങനെയല്ല; ഇത്തരം ന്യായീകരണങ്ങൾ ആണോ നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ വരുന്നത്. പക്ഷേ ഞാനൊന്ന് ചോദിക്കട്ടെ, അന്നത്തെ ആ കാലഘട്ടത്തിൽ നിങ്ങൾക്ക് ചില ഉത്തരവാദിത്വങ്ങൾ തന്നാൽ എങ്ങനെയായിരിക്കും നിങ്ങൾ ആ സമയത്ത് പ്രതികരിക്കുക! എനിക്ക് ഇതൊന്നും പറ്റില്ല എന്ന് സ്വയം ആലോചിക്കുമോ? അതോ ആ മൈൻഡ് സെറ്റിന്റെ ആവേശത്തിൽ അതെല്ലാം ഏറ്റെടുത്ത് ത്രില്ലോടെ ചെയ്യുമോ? നിങ്ങൾക്ക് ഉത്തരം കിട്ടിയെന്ന് എനിക്ക് തോന്നുന്നു. അപ്പോൾ നിങ്ങളോടുള്ള എൻറെ പ്രധാന ചോദ്യം ഇതാണ്, നിങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ ആ ഒരു മൈൻഡ് സെറ്റിലേക്ക് നിങ്ങൾ വീണ്ടും തിരിച്ചു പോകുമോ?
നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേകതയാണ് ന്യൂറോ പ്ലാസ്റ്റിസിറ്റി. വളരെ എളുപ്പത്തിൽ ഞാനൊന്ന് വിശദീകരിക്കാം. നിങ്ങളുടെ തലച്ചോറ് ഒരു കാടാണെന്ന് സങ്കൽപ്പിക്കുക. ആ കാട്ടിൽ നിങ്ങളുടെ ഓരോ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും പല വഴികളായി തെളിഞ്ഞിരിയ്ക്കും. നിങ്ങൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന കാഴ്ചപ്പാടുകളാണ് അവിടെ തെളിച്ചമുള്ള വഴികൾ. ഈ കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ കാണുവാൻ നിങ്ങളുടെ തലച്ചോറിന് എളുപ്പമാണ്. കാരണം, അവിടെ പ്രത്യേകിച്ച് പുല്ലോ കല്ലോ ഒന്നും തന്നെയില്ല. എന്നാൽ നിങ്ങൾ വളരെ കുറച്ചു മാത്രം ചെയ്തിട്ടുള്ള ഒരു പ്രവൃത്തി, തലച്ചോറിൽ ഉണ്ടാക്കുന്ന വഴി വളരെ മങ്ങലുള്ളതായിരിക്കും. ഈ വഴി കണ്ടാൽ തന്നെ അറിയാം, അതു തുടരുക അത്ര എളുപ്പമല്ല. നിങ്ങളുടെ തലച്ചോറിന് അപ്പോൾ എന്ത് ചെയ്യാൻ പറ്റും. നിങ്ങൾ താൻ ഇങ്ങനെയാണെന്ന് വിശ്വസിച്ച് ജീവിതകാലം മുഴുവൻ തള്ളിനീക്കും. നിങ്ങൾ നിരന്തരമായി കൂടുതൽ സമയം ഈ ഒരു കാഴ്ചപ്പാട് തന്നിൽ സൃഷ്ടിക്കുകയാണെങ്കിൽ, കാലക്രമേണ നിങ്ങളുടെ കാഴ്ചപ്പാട് അതായി മാറും. അതുപോലെതന്നെ തിരിച്ചും സംഭവിക്കാം, അതുവരെ നന്നായി വിശ്വസിച്ചിരുന്ന ഒരു കാഴ്ചപ്പാട് ഒരു നിമിഷം മുതൽ വിശ്വസിക്കാതിരുന്നാൽ, പിന്നീട് അത് ചിന്തിക്കുക പോലും അസാധ്യമായി മാറും. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും നിങ്ങളുടെ തലച്ചോറിനെ മാറ്റിയെടുക്കാം. നിങ്ങളുടെ തലച്ചോറിന്റെ ഈ പ്രത്യേകതയെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ന്യൂറോപ്പ്ലാസ്റ്റിസിറ്റി.
അപ്പോൾ ഞാൻ മുൻപ് ചോദിച്ച ആ ചോദ്യം ഒന്നുകൂടി ചോദിക്കുകയാണ്; നിങ്ങളുടെ ആ കുട്ടിക്കാലത്തെ മാനസികാവസ്ഥയിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകാൻ സാധിക്കുമോ? പക്ഷേ അതിനുമുൻപ് അങ്ങനെ പോകുവാൻ നിങ്ങൾക്ക് പൂർണമായ ആഗ്രഹമുണ്ടോ? ഞാൻ ഇത് ചോദിക്കാൻ കാരണം ഇതിൻറെ ഫലം ഇരിക്കുന്നത് നിങ്ങളുടെ ആഗ്രഹത്തിന്റെ തീവ്രതയിലാണ്.. ആഗ്രഹം തീവ്രമാകണമെങ്കിൽ നിങ്ങളിൽ വിശ്വാസം വരണം. അതിനായി നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നമ്മൾ തിരിച്ചറിയണം. എത്ര ഉപയോഗപ്രദമായ ശരീരമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്, എത്ര രസകരമായാണ് ആ ശരീരം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്, ആ കണ്ണുകൾ വെച്ച് നിങ്ങൾക്ക് ഈ ലോകത്തെ കാണാൻ കഴിയുന്നത്, എത്ര അത്ഭുതകരമായാണ് ആ നാവ് കാരണം നിങ്ങൾക്ക് രുചി അറിയാൻ കഴിയുന്നത്, ശബ്ദം കേൾക്കാൻ സാധിക്കുന്ന നിങ്ങളുടെ ചെവികൾ യഥാർത്ഥത്തിൽ ഒരു അത്ഭുതമല്ലേ? മാത്രവുമല്ല നിങ്ങളെ എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാൻ കഴിയുന്ന കാലുകൾ, നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന കൈകൾ, നിങ്ങളുടെ ചിന്തകളെ പ്രകടിപ്പിക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുവാനും നിങ്ങളെ പ്രാപ്തരാക്കുന്ന നിങ്ങളുടെ ശബ്ദം, നിങ്ങളുടെ ശരീരത്തെ പരിപാലിക്കുന്ന നിങ്ങളുടെ എല്ലാ അവയവങ്ങളും അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു അത്ഭുതമല്ലേ നിങ്ങൾ. ഇതിനെല്ലാം പുറമേ നിങ്ങൾക്ക് സുന്ദരമായി ജീവിക്കാൻ കഴിയുന്ന വീടും നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന കുടുംബവും കൂട്ടുകാരും പിന്നെ ബന്ധുമിത്രാദികളും മൂന്നുനേരവും നിങ്ങൾക്ക് വിശപ്പടക്കാൻ ഭക്ഷണം ലഭിക്കുന്നുണ്ട്. ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം ലഭിക്കുന്നുണ്ട്, ശ്വസിക്കാൻ ശുദ്ധവായു നിങ്ങളുടെ ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ നിങ്ങൾ ഒരു അത്ഭുതമല്ലേ, നിങ്ങൾക്ക് ജീവിക്കാൻ കഴിയുക എന്നത് അത്യധികം നിങ്ങളിൽ ആവേശം പകരുന്ന ഒരു കാര്യമല്ലേ?
നിങ്ങളുടെ മനസ്സിലെ ഓരോ ചിന്തകളും ഓരോ വിശ്വാസങ്ങളും തലച്ചോറിൽ ഓരോ ന്യൂറൽ പാത്ത് വേകളാണ്. ജീവിതം ശ്രമകരമാണ്, പ്രാരാബ്ദം കൂടിയപ്പോൾ ജീവിതം ആസ്വദിക്കാൻ പറ്റുന്നില്ല, ജീവിതം ആസ്വദിക്കാൻ പണം വേണം, തുടങ്ങിയ ചിന്തകളെല്ലാം ഈ പാത്ത് വേകളാണ്. നിങ്ങൾ ഏത് സാഹചര്യത്തിൽ ജീവിക്കുന്ന ആളായിക്കോട്ടെ, ഏത് പ്രശ്നങ്ങളുടെയും ഇടയിൽ ജീവിക്കുന്ന ആളായിക്കോട്ടെ, നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നിങ്ങളുടെ മനസ്സ് തന്നെയാണ്. നിങ്ങളുടെ ചിന്തകൾ തന്നെയാണ് നിങ്ങളുടെ മാനസികാവസ്ഥ. പക്ഷേ ഇതത്ര എളുപ്പമാണോ? എത്ര സമയമെടുക്കും? തീർച്ചയായും നിങ്ങളെ നിങ്ങളുടെ കുട്ടിക്കാലത്തെ മാനസികാവസ്ഥയിലേയ്ക്കു തിരിച്ചെത്തിക്കുവാൻ നിരവധി കാര്യങ്ങൾ നിങ്ങളിൽ മാറ്റാനുണ്ട്.
അതിലേക്കുള്ള ആദ്യ പടിയായി നിങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങൾ തിരിച്ചറിയുക, ലോകത്തിന്റെ ഗതി മാറ്റാൻ ജനിച്ചവരും നിങ്ങളെ പോലെ തന്നെയുള്ള സാധാരണ മനുഷ്യരായിരുന്നു എന്ന് തിരിച്ചറിയുക, അവരെ മഹാന്മാർ ആക്കിയത് സ്ഥിരോത്സാഹമാണ്. തലച്ചോറിൽ സ്ഥിരോത്സാഹത്തിന്റെ പുതിയ പാത ഉണ്ടാക്കുക, പാതയെ കൂടുതൽ തിളക്കമുള്ളതാക്കുക, ജീവിതത്തിന്റെ അർത്ഥം നിർവ്വചിയ്ക്കുക.
************





Leave a Reply