ഇന്ത്യയിലെ ജനങ്ങളെ പൂർണമായും അമ്പരിപ്പിച്ചുകൊണ്ടാണ് 2002-ൽ നാസ ആ ചിത്രം പുറത്തുവിട്ടത്. ആ വാർത്ത ഇന്ത്യയിൽ കാട്ടുതീ പോലെ പടർന്നു. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് കല്ലുകളുടെ ഒരു ശൃംഖല അതായിരുന്നു ആ ചിത്രം. തമിഴ്നാട്ടിലെ രാമേശ്വരത്തെ പാമ്പൻ ദ്വീപിൽ നിന്നുമായിരുന്നു അതിന്റെ തുടക്കം. പാമ്പൻ ദ്വീപിൽ നിന്ന് തുടങ്ങി ശ്രീലങ്കയിലെ മാനാർ ദ്വീപ് വരെ ഏകദേശം 48 കിലോമീറ്റർ ആയിരുന്നു അതിന്റെ ദൂരം. ഇന്ത്യയിലെ ശാസ്ത്രജ്ഞരെ കോരി തരിപ്പിക്കുന്നതായിരുന്നു നാസയുടെ ആ കണ്ടുപിടുത്തം. വാർത്ത അറിഞ്ഞ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ അന്വേഷണത്തിനായി ഒരു സംഘത്തെ വേഗത്തിൽ സജ്ജമാക്കി. അവർ അവരുടെ സൂക്ഷ്മമായ ഗവേഷണം ആരംഭിച്ചു. ചുണ്ണാമ്പുകല്ലിന്റെ പഴക്കവും ഘടനയും നിർണയിക്കാൻ ജിയോളജിക്കൽ സർവേകളും അണ്ടർവാട്ടർ പര്യവേക്ഷണങ്ങളും അവർ തുടങ്ങി. എന്നാൽ ശാസ്ത്രജ്ഞരേക്കാൾ കൂടുതൽ ഈ സംഭവം സ്വാധീനിച്ചത് മറ്റു ചിലരെയായിരുന്നു. ആ ഒരു കണ്ടുപിടുത്തത്തിനു ശേഷം രാമേശ്വരത്തെ രാമനാഥ ക്ഷേത്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. ക്ഷേത്രത്തിലേക്ക് പതിവിലും കൂടുതൽ ജനങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും ക്ഷേത്രത്തിലേക്ക് വരുന്ന ജനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ആ ക്ഷേത്രത്തിലേക്ക് വരാൻ തുടങ്ങി. എന്തിനേറെ പറയുന്നു, ഇന്ത്യക്ക് പുറത്തുനിന്ന് പോലും ഭക്തർ ആ അമ്പലത്തിലേക്ക് വരാൻ ആരംഭിച്ചു. അവർക്കെല്ലാവർക്കും അറിയേണ്ടത് പുരാണത്തിൽ പറയുന്നതുപോലെ യഥാർത്ഥത്തിൽ ഈ പാത ശ്രീരാമൻ തന്നെ നിർമിച്ചതാണോ എന്നായിരുന്നു.
ഇന്ത്യയിൽ നിന്നും ഏകദേശം 48 കിലോമീറ്റർ തെക്ക് കിടക്കുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. ഒറ്റനോട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയുമായി കരമാർഗം യാതൊരു ബന്ധവുമില്ലെന്ന് തോന്നുമെങ്കിലും, ശരിക്കും ഈ രണ്ട് രാജ്യങ്ങൾക്കിടയിൽ നിഗൂഢമായ ഒരു പാത നിലനിൽക്കുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന പാമ്പൻ ദ്വീപ് മുതൽ ശ്രീലങ്കയിലെ തലൈമാനാർ വരെ നീണ്ടുകിടക്കുന്ന ചുണ്ണാമ്പ് കല്ലുകളും മണൽത്തിട്ടകളും പവിഴ പുറ്റുകളും ചേർന്ന ഒരു പാതയായിരുന്നു അത്. ഒരു തുടർച്ചയായ പാതയായി തോന്നുമെങ്കിലും പല സ്ഥലത്തുമായി വിട്ടുവിട്ടു കിടക്കുന്ന മണൽ തിട്ടകൾ ആയതിനാൽ ഇതിലൂടെയുള്ള യാത്ര വളരെയേറെ അപകടമുള്ള ഒന്നാണ്. കുറച്ചു ഭാഗം കടലിനു മുകളിലും ബാക്കി കടലിനു താഴെയും ആയിട്ടാണ് ആ പാത കാണപ്പെടുന്നത്. ആ ഭാഗത്ത് കടലിന്റെ ആഴം ഏകദേശം ഒരുമീറ്റർ മുതൽ 10 മീറ്റർ വരെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ ചരക്ക് കപ്പലുകൾക്ക് ഈ വഴി കടന്നുപോവുക വളരെ ശ്രമകരമായ ഒരു കാര്യമാണ്. അവിടെയുള്ള ആ ഒരു പാതയെ ആഡംസ് ബ്രിഡ്‌ജ് എന്നായിരുന്നു വിദേശികൾ അവരുടെ മാപ്പിൽ അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ ഈ പാതയെ മറ്റൊരു പേരിലായിരുന്നു വിളിച്ചിരുന്നത്- രാമസേതു. അങ്ങനെ വിളിക്കാൻ ഒരു കാരണമുണ്ടായിരുന്നു ആ പാതയെ ചുറ്റിപ്പറ്റി വിവിധ കഥകളും ഐതീഹ്യങ്ങളും ഇന്ത്യയിൽ ഉണ്ടായിരുന്നു.
ഹിന്ദു പുരാണങ്ങളിൽ ഒന്നായ രാമായണത്തിലായിരുന്നു ആ കഥകളുടെ തുടക്കം. അന്ന് വനവാസത്തിലായിരുന്ന ശ്രീരാമന്റെ ഭാര്യ സീതയെ ലങ്കയിലെ രാജാവായിരുന്ന രാവണൻ തട്ടിക്കൊണ്ടുപോകുന്നു അതിനെ തുടർന്ന് ക്രോധിതരായ രാമനും സഹോദരൻ ലക്ഷ്മണനും സീതയെ തേടി ലങ്കയിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ആ യാത്രക്കിടയിൽ അവർക്ക് ഒരു വലിയ പ്രതിസന്ധി നേരിടേണ്ടതായി വന്നു. മുൻപിലുള്ള കടൽ കടന്നാൽ മാത്രമേ അവർക്ക് ലങ്കയിൽ എത്തിച്ചേരാനാകൂ. ആശയകുഴപ്പത്തിലായിരുന്ന രാമൻ പിന്നീട് അവിടെ ഉണ്ടായിരുന്ന വാനരപ്പടയുടെ സഹായത്തോടെ രാമസേതു എന്ന അത്ഭുതപാത നിർമ്മിച്ച ശേഷം, രാമനും ലക്ഷ്മണനും ഈ പാലം കടന്ന് ലങ്കയിൽ എത്തിയെന്നും രാജാവായ രാവണനെ വധിച്ച ശേഷം സീതയെ തിരിച്ചുകൊണ്ടുവന്നു എന്നുമാണ് കഥ. രാമൻ നിർമ്മിച്ച പാത ആയതിനാലാണ് ഈ പാതയെ രാമസേതു എന്നു വിളിക്കുന്നത്. അതേ പുരാണത്തിലെ തന്നെ പാലം രൂപകൽപന ചെയ്ത ആളുടെ പേര് നളൻ എന്നായതിനാൽ നളസേതു എന്ന് ചിലർ ഈ പാതയെ വിളിക്കുന്നു. പുരാണ കൃതികളായ സ്കന്ദപുരാണത്തിലും പത്മപുരാണത്തിലും ഈ പാത രാമൻ നിർമ്മിച്ചതാണെന്നതിനെ അനുകൂലിക്കുന്ന എഴുത്തുകൾ കാണാം. 1480 വരെ അവിടെ പൂർണമായ ഒരു പാത ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. പണ്ട് ശ്രീലങ്കയക്കും ഇന്ത്യക്കും ഇടയിലുള്ള യാത്രക്കായും വ്യാപാരത്തിനായും ഈ പാത ഉപയോഗിച്ചിരുന്നു. എന്നാൽ 1480 ൽ ഉണ്ടായ ഒരു ഭീകരമായ ചുഴലിക്കാറ്റ് ഈ പാതയെ തകർത്തു എന്നാണ് ആ എഴുത്തുകളിൽ പറയുന്നത്. അബ്രഹാമിക് വിശ്വാസങ്ങളിൽ ഈ പാതയെ ചുറ്റിപ്പറ്റി മറ്റൊരു കഥകൂടി ഉണ്ടായിരുന്നു; പ്രപഞ്ചത്തിലെ ആദ്യ മനുഷ്യൻ എന്ന് വിശ്വസിക്കപ്പെടുന്ന ആദം ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഈ പാത കടന്നിരുന്നു എന്നാണ് ആ വിശ്വാസം.
2002ൽ നാസയുടെ ഉപഗ്രഹങ്ങളായ ടെറയും ലാൻഡ്സെറ്റ് സെവനും പുറത്തുവിട്ട രാമസേതുവിന്റെ ആ ചിത്രം കാഴ്ചയിൽ രാമായണത്തിൽ പറഞ്ഞിരുന്ന രാമസേതുവിന്റെ അതേ രീതിയിൽ തന്നെയായിരുന്നു. അതിനാൽ തന്നെ ആ ചിത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടി. അത് രാമൻ തന്നെ നിർമ്മിച്ചതാണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് ആ ചിത്രം വഴിയൊരുക്കി. എന്നാൽ ഈ വാദങ്ങളെ പൂർണമായി ശരിവെക്കുന്ന യാതൊരു പഠനങ്ങളും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആഴത്തിലുള്ള ഒരു പഠനത്തിന് മാത്രമേ രാമസേതുവിനെ കുറിച്ചുള്ള വ്യക്തമായ ഉത്തരം നൽകാനാകൂ. നാസയുടെ സാറ്റലൈറ്റ് ഡേറ്റകൾ ഉപയോഗിച്ച് നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഈ പാതയുടെ 99.98% കടലിനടിയിലാണെന്നാണ്. അതിനാൽ തന്നെ രാമസേതുവിനെ പറ്റി പഠിക്കുന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. രാമസേതു സ്വാഭാവികമായി ഉണ്ടായിവന്ന ഒരു പാതയാകാമെന്നും പിന്നീട് മനുഷ്യർ ഇതിനെ പുനർപരിഷ്കരിക്കുവാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം ഇന്ന് എത്തിനിൽക്കുന്നത്.
2007ൽ ഗവൺമെന്റ് ഓഫ് ഇന്ത്യ സേതു സമുദ്രം എന്ന ഒരു പദ്ധതി മുന്നിലേക്ക് വെച്ചു. രാജ്യത്തിന് ബ്രിട്ടീഷുകാരുടെ കാലം മുതൽക്കെ നേരിടേണ്ടി വന്ന ഒരു പ്രശ്നമായിരുന്നു ചരക്ക് കപ്പലുകൾ ആ ഒരു സമുദ്രഭാഗം വഴി കൊണ്ടുപോകുക എന്നത്. ഈ പ്രശ്‍നം പരിഹരിക്കാൻ വേണ്ടിയാണ് സേതു സമുദ്ര എന്ന പദ്ധി പദ്ധതി കൊണ്ടുവന്നത്. എന്നാൽ ഈ പദ്ധതിയെ എതിർത്തുകൊണ്ട് നിരവധി ആളുകളും സംഘടനകളും രംഗത്തുവന്നു. പ്രോജക്ടിന്റെ ഭാഗമായി രാമസേതുവിന്റെ ചില ഭാഗങ്ങൾ തകർക്കേണ്ടിവരും. രാമൻ നിർമ്മിച്ച ആ പാത തകർക്കുന്നതിനെ അവർ പൂർണമായും എതിർത്തു. പരമ്പരാഗതമായ ഒരു നിർമ്മിതിയെ തകർക്കരുത് എന്നതായിരുന്നു അവരുടെ പക്ഷം. സുപ്രീം കോടതിയിലും വിവിധ കോടതികളിലും ഇതിനെ എതിർത്തുകൊണ്ടുള്ള നിരവധി പെറ്റീഷനുകൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. സമരങ്ങളും, റാലികളും രാജ്യവ്യാപകമായി ഉണ്ടായതോടെ സുപ്രീം കോടതി, സേതുമുദ്രം പദ്ധതിക്ക് സ്റ്റേ നൽകി.
രാമസേതുവിനെ കുറിച്ചുള്ള ചർച്ച ഇന്നും അവസാനിച്ചിട്ടില്ല. അതിൻറെ ഉത്ഭവം ഇന്നും ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു നിഗൂഢതയായി തുടരുന്നു. രാമസേതുവിനെ ചുറ്റിപ്പറ്റി മതപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അതെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്തുന്നത് വിവാദങ്ങൾ സൃഷ്ടിച്ചേക്കാം എന്ന ആശങ്ക ഗവൺമെന്റിനുണ്ട്. വിശ്വാസങ്ങൾക്കും നിഗമനങ്ങൾക്കും അപ്പുറം എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? എങ്ങനെയായിരിക്കും ആ പാത രൂപപ്പെട്ടത്? യുഗങ്ങൾക്കിപ്പുറം രാമസേതു അല്ലെങ്കിൽ ആഡംസ് ബ്രിഡ്ജ് വിശ്വാസത്തിനും ശാസ്ത്രത്തിനും ഇടയിലുള്ള വലിയ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു! മനുഷ്യർക്ക് എപ്പോഴെങ്കിലും അതിന്റെ നിഗൂഢത അഴിക്കുവാൻ സാധിക്കുമോ? അതോ നൂറ്റാണ്ടുകൾക്കപ്പുറവും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് തുടരുമോ?





Leave a Reply