“ശുഭചിന്തകൾ വളർത്താം, ജീവിതവിജയം നേടാം”

“എട്ടു മാസം” – അവൻ കലണ്ടറിലേക്ക് നോക്കി പറഞ്ഞു. തനിക്കുണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞ് തന്റെ സ്വപ്നത്തിനായി ഇറങ്ങി തിരിച്ചിട്ട് ഇന്നേക്ക് കൃത്യം എട്ടു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ചിന്തിക്കുമ്പോൾ ആ തീരുമാനം വേണ്ടായിരുന്നു എന്ന് തോന്നുന്നു. രാഹുൽ കലണ്ടറിനടുത്തിരുന്ന തൻറെ ഷെൽഫിലേക്ക് നോക്കി. ചെറുപ്പകാലം മുതൽ എട്ടു മാസം മുൻപ് വരെ താൻ നേടിയ അവാർഡുകളാണ് അവിടെ. മികച്ച വിദ്യാർത്ഥി മുതൽ എംപ്ലോയി ഓഫ് ദ മന്ത് അവാർഡ് വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാജിക്കത്ത് നൽകി കമ്പനിയിൽ നിന്ന് വിട പറയുമ്പോൾ വീട്ടുകാരും സഹപ്രവർത്തകരും ആ തീരുമാനത്തെ എതിർത്തിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ രാഹുൽ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നത്, സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം കാരണമായിരുന്നു. അന്ന് തന്റെ ലക്ഷ്യത്തിൽ എത്താമെന്ന ആത്മവിശ്വാസം രാഹുലിന് ഉണ്ടായിരുന്നു. അതിനുവേണ്ടിയുള്ള വ്യക്തമായ പദ്ധതികളും അവന്റെ മനസ്സിൽ കുറിച്ചിട്ടിരുന്നു. ഓരോ മാസം കഴിയുംതോറും അവന്റെ ആത്മവിശ്വാസം കുറഞ്ഞുവന്നു. ക്രമേണ, തന്റെ സ്വപ്നത്തിലേക്കുള്ള എല്ലാ ചുവടുകളും തെറ്റിയതിന്റെ നിരാശ രാഹുലിനെ മാനസികമായി തകർക്കാൻ  തുടങ്ങി. എന്ത് നല്ല ജോലിയായിരുന്നു, മികച്ച ശമ്പളവും! അതും കളഞ്ഞ് ഈ സാഹസത്തിന് മുതിർന്നത് മണ്ടത്തരമായിപ്പോയി, ചുറ്റുമുള്ളവരുടെ ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ നിരന്തരം അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഒരുപക്ഷേ അവർ പറയുന്നതൊക്കെ ശരിയായിരിക്കാം, താൻ തികച്ചും ഒരു പരാജയമാണ്, എന്നാൽ അത് കുറച്ചു നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു; അവൻ കരുതി. ബിസിനസിനായി മാറ്റിവെച്ച പണത്തിൽ നിന്ന് നല്ലൊരു ശതമാനം ഈ എട്ടു മാസങ്ങൾ കൊണ്ട് അവൻ ചെലവാക്കിയിരുന്നു.

രാഹുൽ മേശപ്പുറത്തുനിന്ന് ഒരു ഗുളിക പൊട്ടിച്ച് വായിലേക്കിട്ടു. കഴിഞ്ഞ രണ്ടുമാസമായി ഡിപ്രഷനുള്ള മരുന്ന് കഴിക്കുകയായിരുന്നു. രാഹുൽ ഉറങ്ങാനായി കട്ടിലിൽ കിടന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ പോലെ തന്നെ അവനു അന്നും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം അവന്റെ തലച്ചോറിനുള്ളിൽ ഒരു അലാം പോലെ മുഴങ്ങികൊണ്ടിരുന്നു. ഓരോ സെക്കൻഡും അവന് നഷ്ടപ്പെടുന്നു എന്ന ചിന്ത അവനെ പൂർണമായും വിഴുങ്ങുകയായിരുന്നു. ഇങ്ങനെ പോയാൽ കയ്യിലുള്ള ബാക്കി പൈസയും തീരും, ഇങ്ങനെ പോയാൽ എന്റെ ഭാവി എന്തായി തീരും, മറ്റുള്ളവരുടെ മുൻപിൽ ഒരു കോമാളിയെ പോലെ ജീവിക്കേണ്ടി വരുമോ? ഒരിക്കൽ തനിക്ക് അഭിമാനമായി തോന്നിയിരുന്ന അവാർഡുകൾ ഇപ്പോൾ ഉപയോഗമില്ലാത്ത ഒരുകൂട്ടം ഇരുമ്പും പ്ലാസ്റ്റിക്കും ഒക്കെയായി അവന് തോന്നി. ഒടുവിൽ ഇത്രയും താഴേക്ക് വീഴാനാണോ ഞാൻ ഇതൊക്കെ നേടിയത്, അവൻ മനസ്സിൽ ചോദിച്ചു. ജീവിക്കാനുള്ള താല്പര്യം പോലും അവനിൽ കുറഞ്ഞുവന്നു.

ശരിക്കും ഇവിടെ എന്തായിരുന്നു രാഹുലിന്റെ പ്രശ്നം? എട്ടു മാസങ്ങൾക്കു മുൻപ് തന്റെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളായിരുന്നു രാഹുൽ. ചുറ്റുപാടുകളെക്കാൾ രാഹുലിന് വിശ്വാസം അവന്റെ കഴിവുകളിലായിരുന്നു. എന്നാൽ ബിസിനസ് തുടങ്ങുന്നതിന്റെ ആദ്യ പണികളിൽ ഒന്ന് പരാജയപ്പെട്ടതാണ് അവനെ ഈ അവസ്ഥയിൽ എത്തിച്ചത്. അന്നുമുതൽ അവൻ തന്റെ തീരുമാനങ്ങളെ സംശയിക്കുവാൻ തുടങ്ങി. ഒരു കാര്യം ചെയ്യുന്നതിനു മുൻപായി അതിനെപ്പറ്റി നടക്കാൻ സാധ്യതയുള്ള നല്ല കാര്യങ്ങൾ മുതൽ ഏറ്റവും മോശം കാര്യങ്ങൾ വരെ അവൻ ചിന്തിച്ചുകൂട്ടാൻ തുടങ്ങി. ഇത് പതിയെ പതിയെ അവനെ ആ കാര്യം ചെയ്തു നോക്കുന്നതിൽ നിന്നും പിന്തിരിക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള സംശയങ്ങൾ അവന്റെ ലക്ഷ്യ ബോധത്തിൽ ചെറിയ ചെറിയ വിള്ളലുകൾ വീഴ്ത്തി. അവൻറെ ആത്മവിശ്വാസം കുറഞ്ഞു, രാഹുൽ അവൻ പോലും അറിയാതെ നെഗറ്റിവിറ്റിയുടെ വഴിയിലേക്ക് പതിയെ വീഴുവാൻ തുടങ്ങി.

എന്നാൽ ഇവിടെ ശരിക്കും രാഹുലിന്റെ ശത്രു അവന്റെ പരാജയമോ അവന്റെ ചുറ്റുപാടുകളോ ആയിരുന്നില്ല. യഥാർത്ഥത്തിൽ അവന്റെ ശത്രു അവൻ തന്നെയായിരുന്നു. നെഗറ്റിവിറ്റി എന്നത് ഒരു ചിലന്തിവല പോലെയാണ് വലയിൽ കുടുങ്ങിയ പ്രാണി സസൂക്ഷ്മം തൻറെ കാലുകളും ചിറകുകളും വലയിൽ നിന്നും വേർപെടുത്തിയില്ലെങ്കിൽ അധികം വൈകാതെ തന്നെ വലയുടെ മറ്റേ കോണിൽ കൊതിയോടെ ഇരിക്കുന്ന ചിലന്തി പ്രാണിയെ വിഴുങ്ങിയേക്കാം. അതുപോലെയാണ് നമ്മെ ചുറ്റിയിരിക്കുന്ന നെഗറ്റിവിറ്റി. ഭയം, ആത്മവിശ്വാസമില്ലായ്മ, പരാജയങ്ങൾ പഴയ അനുഭവങ്ങൾ, ചുറ്റുപാടുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകൾ എന്നിവയൊക്കെയാണ് ഒരാളെ നെഗറ്റിവിറ്റിയുടെ മുന്നിൽ എത്തിക്കുന്നത്. ആ വലയിൽ നിന്ന് ശ്രദ്ധാപൂർവ്വം പുറത്തുവന്നില്ലെങ്കിൽ ഉത്കണ്ഠ, വിഷാദം പോലെയുള്ള വലിയ ചിലന്തിയുടെ വലയിൽ അകപ്പെട്ടേക്കാം. പ്രശ്നങ്ങളെ ഒരിക്കലും നമ്മുടെ ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ സാധിക്കില്ല, അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ജീവിതത്തിലേക്ക് വന്നുകൊണ്ടേയിരിക്കും. അത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. രാഹുലിനെ ഡിപ്രഷനിലേക്ക് എത്തിച്ചത് പ്രശ്നങ്ങളോടുള്ള അവന്റെ മനോഭാവം മാറിയത് കാരണമാണ്.

നെഗറ്റിവിറ്റിക്ക് പിന്നിലെ ശാസ്ത്രീയവശം മനസ്സിലാക്കുന്നത് നെഗറ്റിവിറ്റിയെ വരുതിയിലാക്കാൻ ഒരു പരിധിവരെ സഹായിക്കും. നല്ല അനുഭവങ്ങളെക്കാൾ നമ്മുടെ തലച്ചോർ പ്രാധാന്യം കൊടുക്കുന്നത് മോശം അനുഭവങ്ങൾക്കാണ്. നമ്മുടെ പൂർവികർ ജീവിച്ചിരുന്നത് മോശമായ സാഹചര്യത്തിലാണ്. കാട്ടുമൃഗങ്ങൾ വിഷമുള്ള ഭക്ഷണം, ശത്രുക്കൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയൊക്കെ അവർക്ക് നിരന്തരം നേരിടേണ്ടിവന്നു. മുൻപുണ്ടായ മോശം അവസ്ഥ പിന്നീട് അവരുടെ മനസ്സിൽ അപായസൂചനയായി വളർന്നു. അതിനാൽ തലച്ചോർ മോശം അവസ്ഥകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു, അങ്ങനെ അവർ അപകടങ്ങളെ അതിജീവിച്ചു. അവർക്ക് അന്നുണ്ടായിരുന്ന തലച്ചോറിന്റെ അതേ സവിശേഷതകളാണ് നമ്മുടെ ഇന്നത്തെ തലച്ചോറിനുള്ളത്. അമിക്ഡല എന്നും പ്രീഫ്രണ്ടൽ കോർട്ടക്സ് എന്നും അറിയപ്പെടുന്ന തലച്ചോറിന്റെ രണ്ടു ഭാഗങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്.

അമിക്ഡലയുടെ പ്രധാന ചുമതല വികാരങ്ങളെ, പ്രത്യേകിച്ച് ഭയം ഭീഷണി ആശങ്ക ക്രോധം തുടങ്ങിയ വികാരങ്ങളെ തിരിച്ചറിയുകയും, അതിനുടൻ പ്രതികരിക്കുകയും ചെയ്യുക എന്നതാണ്. മനുഷ്യൻറെ പരമ്പരാഗത ജീവൻ രക്ഷാ സംവിധാനത്തിൽ അമിഗ്ഡലക്ക് വലിയ പങ്കുണ്ട്. ഉദാഹരണത്തിന് ആദിമനുഷ്യരെ ഒരു വന്യമൃഗം ആക്രമിക്കാൻ വരുമ്പോൾ അമിക്ഡല ഉടൻ രക്ഷപ്പെടുക അല്ലെങ്കിൽ പ്രതിരോധിക്കുക എന്ന റെസ്പോൺസ് സൃഷ്ടിച്ചു. ഇന്നത്തെ കാലത്ത് അത്ര വലിയ ഭൗതിക ഭീഷണികൾ ഇല്ലെങ്കിലും ഒരു പരീക്ഷാഫലം, ജോലി സമ്മർദ്ദം അല്ലെങ്കിൽ സാമൂഹിക പ്രശ്നങ്ങൾ പോലുള്ള കാര്യങ്ങളിലും അമിക്ഡല അതേ രീതിയിൽ പ്രതികരിച്ച് ഭയം, ആശങ്ക, നെഗറ്റിവിറ്റി എന്നിവ വളർത്തുന്നു. അതേസമയം പ്രീഫ്രണ്ടൽ കോർട്ടക്സ് എന്ന തലച്ചോറിന്റെ ഭാഗം, അമിക്ഡല സൃഷ്ടിക്കുന്ന വികാരങ്ങളെ വിലയിരുത്തി അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. എന്നാൽ പലപ്പോഴും അമിഗ്ഡല വേഗത്തിൽ   പ്രവർത്തിക്കുന്നതിനാൽ, കോർട്ടക്സിന് മുഴുവൻ നിയന്ത്രണം പുലർത്താൻ കഴിയാതെ പോകുന്നു. അതിനാലാണ് നമ്മൾ പലപ്പോഴും അനാവശ്യമായി ഭയപ്പെടുകയും, വിഷമിക്കുകയും, നെഗറ്റീവ് ചിന്തകളിൽ കുടുങ്ങുകയും ചെയ്യുന്നത്. പ്രീഫ്രണ്ടൽ കോർട്ടക്സിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നത് ഒരു പരിധിവരെ നെഗറ്റിവിറ്റിയെ കുറയക്കുവാൻ സഹായിച്ചേക്കാം. നമ്മുടെ ചിന്തകൾ, വികാരനിയന്ത്രണം, പെരുമാറ്റങ്ങൾ, തീരുമാനങ്ങൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് പ്രീഫ്രണ്ടൽ കോർട്ടക്സ് ആണ്. നമ്മുടെ മനോഭാവത്തിൽ മാറ്റം കൊണ്ടുവരുന്നത്, പ്രീഫ്രണ്ടൽ കോർട്ടക്സിനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഉദാഹരണത്തിന് ചിന്തകളുടെ പുനർവ്യാഖ്യാനം, അതായത് ഞാൻ പരാജയപ്പെടും എന്ന ഭാവം അമിഗ്ഡല മുന്നോട്ടുവെക്കുമ്പോൾ, ഞാൻ പരാജയപ്പെടില്ല എന്ന ധൈര്യം കോർട്ടക്സിന് നൽകുക. നമ്മുടെ ചിന്തകളിൽ മാറ്റം കൊണ്ടുവരിക, ശാരീരിക വ്യായാമം, ബ്രീത്ത് കൺട്രോളിങ്, ധ്യാനം, കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം എന്നിവ തലച്ചോറിലുള്ള ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ ബിഡിഎൻഎഫ് എന്ന പ്രോട്ടീൻറെ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ കോർട്ടക്സിനെ ശക്തിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ ജീവിതത്തിൽ കൊണ്ടുവരുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും അതുവഴി നെഗറ്റീവ് ചിന്തകൾ ഒരു പരിധിവരെ കുറയക്കുവാനും സഹായിക്കും.

ഉറങ്ങാതിരുന്ന രാഹുലിന്റെ മനസ്സിലേക്ക് ഒരു നിമിഷം ആ പഴയ ആത്മവിശ്വാസം തിരിച്ചുവന്നു. അവൻ ശ്വാസം നന്നായി എടുത്തു, ഈ അവസ്ഥയിൽ നിന്ന് എന്നെ പുറത്തുകൊണ്ടുവരാൻ എനിക്ക് മാത്രമേ കഴിയൂ എന്ന സത്യം അവൻ മനസ്സിലാക്കി. അവൻ അവൻ ഒരു കഷ്ണം പേപ്പർ എടുത്തു അതിൽ മൂന്ന് ചോദ്യങ്ങൾ എഴുതി, മുറിയുടെ ഓരോ കോണിലിരുന്ന അവാർഡുകളിലേക്കും മെഡലുകളിലേക്കും ഒരിക്കൽ കൂടി അവന്റെ ശ്രദ്ധ പോയി. അതിൽ നിന്നും അവന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവന് ലഭിച്ചു. തിരികെ എത്തിയ ആത്മവിശ്വാസം തന്റെ ഉള്ളിൽ നിന്ന് വിട്ടുകൊടുക്കുവാൻ മനസ്സ് അനുവദിക്കുന്നത് വരെ താനൊരു പരാജയമല്ല എന്ന സത്യം രാഹുൽ മനസ്സിലാക്കി. പ്രശ്നങ്ങളോടുള്ള രാഹുലിന്റെ മനോഭാവം പതിയെ മാറുവാൻ തുടങ്ങി. കോർട്ടക്സിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കാര്യങ്ങൾ അവന്റെ ജീവിതത്തിലേക്ക് പതിയെ കൊണ്ടുവരാൻ തുടങ്ങി. പതിയെ പതിയെ രാഹുലിന്റെ ജീവിതം മെച്ചപ്പെട്ടു.

കാലാന്തരത്തിൽ രാഹുൽ തന്റെ സ്വപ്‌ന ജീവിതം യാഥാർഥ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *