“ഉണരൂ”

നമ്മുടെ യുവതലമുറയെ ആകെ വരിഞ്ഞുമുറുക്കാൻ പ്രാപ്തിയുള്ള ഒരു മഹാവിപത്ത് “- മയക്കുമരുന്ന്.—-

 

ലഹരി ഉപയോഗത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഹൈക്കോടതി ജഡ്ജി ശ്രീ ദേവൻ രാമചന്ദ്രന്റെ വാക്കുകൾ ശ്രദ്ധിക്കൂ…..

 

 

 

എത്ര വലിയ വിപത്തിലേയ്ക്കാണ് നമ്മുടെ കുഞ്ഞുങ്ങൾ അവർ പോലുമറിയാതെ പൊയ്ക്കൊണ്ടിരിക്കുന്നത്? ഇത് അറിവില്ലായ്മയുടെ പ്രശ്നം മാത്രമാണോ? വളരെ ആശങ്കാജനകമായ വാർത്തകളാണ് ഈയടുത്തായി മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കുമുൻപ് ഒരു ചെറിയ വിഭാഗം യുവാക്കളെ മാത്രം കാർന്നു തിന്നിരുന്ന ആ മഹാവ്യാധി ഇന്ന് സ്കൂൾ തലം മുതൽ വലിയ നെറ്റ്വർക്കുകളായി വ്യാപിച്ചിരിക്കുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ദോഷകരമായി ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് മയക്കുമരുന്നിന്റെ ദുരുപയോഗം. നമ്മുടെ തലച്ചോറിനെയും പെരുമാറ്റത്തേയും ഒക്കെ ദോഷകരമായി ബാധിക്കാവുന്ന ഒരു രോഗാവസ്ഥയാണ് മയക്കുമരുന്നുകളോടുള്ള ആസക്തി. ഇതിന്റെ വിനാശകരമായ അവസ്ഥ എന്തെന്നാൽ ഈ മരുന്നുകളുടെ ഉപയോഗത്തിൽ വ്യക്തികൾക്ക് താൽപര്യം കൂടുമ്പോൾ അവർ ഇതിന് അടിമകളായി മാറുന്നു.

 

 

 മയക്കുമരുന്നു ദുരുപയോഗത്തിന്റെ അപകടങ്ങൾ

വ്യക്തി:- മയക്കുമരുന്നുപയോഗിക്കുന്ന വ്യക്തിയെ ഇത് എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നു നോക്കാം.   

  • വികലമായ കാഴ്ച, വിഷാദം, ഉറക്കമില്ലായ്മ, ക്ഷീണം, ഉത്കണ്ഠ, ഭ്രമാത്മകത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ.
  • ഇവയുടെ വിട്ടുമാറാത്ത ഉപയോഗം കരൾ, വൃക്ക തുടങ്ങിയവയുടെ കേടുപാടുകൾക്കും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നതോടൊപ്പം മാനസിക പ്രശ്നങ്ങളായ വ്യക്തിത്വ വൈകല്യങ്ങൾ, ഗുരുതരമായ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയിലേയ്ക്ക് നയിക്കും.
  • അവർ നിരന്തരം വിഷാദരോഗത്തിന് അടിമകളാകുകയും ഇത് ആത്മഹത്യാ പ്രവണതയിലേയ്ക്ക് നയിക്കുകയും ചെയ്യും.
  • മയക്കുമരുന്ന് ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന അവസ്ഥയിലേയ്ക്ക് അവർ കൂപ്പുകുത്തും.  

കുടുംബം:-  കുടുംബാംഗങ്ങൾ എല്ലാപേർക്കും മയക്കുമരുന്നിന് അടിമയായ വ്യക്തിയെപ്പറ്റി ചിന്തിച്ച് മാനസിക വേദനയും പിരിമുറുക്കവും അനുഭവപ്പെടുന്നു.

സമൂഹം:-  ഇനി ഇത് സമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിലേക്ക് പോയാലോ?

  • മദ്യപിച്ച അവസ്ഥയിലുള്ള കൊലപാതകങ്ങൾ, ആത്മഹത്യ, വാഹനാപകടങ്ങൾ ഇവയ്ക്കെല്ലാം പിന്നിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണെന്നു കാണാം
  • മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഒരേ സിറിഞ്ച് പങ്കിടുന്നത് AIDS, Hepatitis പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു.
  • മയക്കുമരുന്നിന് അടിമകളായവർ അതിനെ വളരെയധികം ആശ്രയിക്കുന്ന ഒരവസ്ഥയിലേയ്ക്കെത്തുന്നു. അതിനാൽ ഒരിക്കൽ അടിമയായിപ്പോയാൽ മയക്കുമരുന്ന് ലഭിക്കുന്നതിനായി എത്ര വലിയ കുറ്റകൃത്യം ചെയ്യാനും അവർ നിർബന്ധിതരാകുന്നു.

മയക്കുമരുന്ന് ദുരുപയോഗത്തിന്റെ കാരണങ്ങൾ

  • മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അനന്തരഫലങ്ങളേയും, ആരോഗ്യം, ജീവിതം ഇവയെ ഒക്കെ മയക്കുമരുന്ന് ഏതു രീതിയിൽ ദോഷകരമായി ബാധിയ്ക്കും എന്നതിനെയും കറിച്ചുള്ള അവബോധത്തിന്റെ അഭാവം.
  • തെറ്റായ രക്ഷാകർതൃത്വം:- മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലുള്ള അകലം കൂടുകയാണോ? സാങ്കേതിക വിദ്യയിലുണ്ടാക്കുന്ന പുരോഗതിയുടെ ദുരുപയോഗം അവർ തമ്മിലുള്ള ആശയ വിനിമയം ഒരു പരിധി വരെ തടയുകയാണോ? അതോ സ്വന്തം മക്കളിലുള്ള അമിതമായ വിശ്വാസം മാതാപിതാക്കൾ ഇതേപ്പറ്റി അജ്ഞരാകാൻ കാരണമാകുന്നോ?
  • വിദ്യാർത്ഥികളുടെ പഠനനിലവാരത്തിലും പെരുമാറ്റത്തിലും  അധ്യാപകരോടുള്ള അവരുടെ സമീപനത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിരീക്ഷിച്ച് അവരെ നേർവഴിയിലേക്ക് കൊണ്ട് വരേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ..
  • ഇത്ര വലിയ ഒരപകടാവസ്ഥയിലേയ്ക്കു വളർന്നു വരുന്ന യുവതലമുറയെ തള്ളിവിടാൻ കാരണമായ മയക്കുമരുന്നു വിൽപ്പന, കടത്തൽ എന്നിവ തടയുന്നതിൽ നിയമപാലകരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ ഉത്കണ്ഠയുടെയും നടപടിയുടെയും അഭാവം.

മയക്കുമരുന്നിന്റെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ

  • ലഹരി വിരുദ്ധ പ്രചാരണവും മയക്കുമരുന്നുകളുടെ ദുരുപയോഗം മൂലമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളും അപ്പർ പ്രൈമറി തലം മുതലുള്ള പാഠപദ്ധതിയുടെ ഭാഗമാക്കുക.
  • രക്ഷകർത്താക്കളും കുട്ടികളുമായി ആരോഗ്യകരമായ ബന്ധം ഉണ്ടായിരിക്കണം. കുട്ടികളുമായി മാതാപിതാക്കൾ എല്ലാ വിഷയങ്ങളെപ്പറ്റിയും സംവദിക്കുക. പഠന മാത്രമല്ല ….അവരുടെ സുഹൃത്തുക്കൾ, ടീച്ചേഴ്സ് , ക്ലാസിലുണ്ടാകുന്ന സംഭവങ്ങൾ, സ്കൂളിലെ മറ്റു വിശേഷങ്ങൾ ഇവയെപ്പറ്റിയെല്ലാം സംസാരിക്കുക. അപ്പോൾ ഉപദേശിക്കുന്നു എന്നു തോന്നിപ്പിയ്ക്കാതെ തെറ്റും ശരിയും അഭിപ്രായമായി പറഞ്ഞു കൊടുക്കാനാകും.
  • കുട്ടികളുടെ കൂട്ടുകാരുമായും മാതാവിതാക്കൾക്ക് ബന്ധം ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ കുട്ടികളിൽ പെട്ടെന്നുണ്ടാക്കുന്ന മാറ്റങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയണം.
  • കുട്ടികൾ പഠനാവശ്യത്തിനായി ഹോസ്റ്റലുകളിൽ താമസിക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് ഹോസ്റ്റൽ സന്ദർശിക്കുക. ഹോസ്റ്റൽ അധികൃതരുമായും കുട്ടിക ടെ കൂട്ടുകാരുമായും അവരുടെ കുടുംബവുമായും സൗഹൃദം നിലനിർത്തുക.
  • കുട്ടികളെ അവരറിയാതെ നിരീക്ഷിക്കുക. അവരുടെ പെരുമാറ്റത്തിലും രൂപത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ, പഠനത്തിലുള്ള താൽപര്യക്കുറവ്, സുഹൃദ് ബന്ധങ്ങളില്ലണ്ടാകുന്ന മാറ്റം എന്നിവയെല്ലാം മനസ്സിലാക്കുക. അവരുമായി ശാന്തമായി ഇതേ പറ്റിയെല്ലാം ചർച്ച ചെയ്യുക.
  • കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ലഹരി പദാർത്ഥങ്ങളെക്കുറിച്ചും അവയുടെ ദുരുപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അവരിൽ അവബോധം സൃഷ്ടിക്കുക. മാധ്യമങ്ങളിൽ വരുന്ന ഇത്തര വർത്തകളെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുക.
  • കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി മനസ്സിലാക്കിയാൽ അവരെ കുറ്റപ്പെടുത്താതിരിക്കുക. എത്രയും വേഗം ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടു ആവശ്യമായ കൗൺസിലിങ് നൽകുക.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുക. അവർ കുട്ടികളെ നിരീക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക. കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും ഒക്കെയുണ്ടാകുന്ന വ്യതിയാനങ്ങൾ യഥാസമയം രക്ഷിതാക്കളെ അറിയിക്കുക. കൃത്യമായ ഇടവേളകളിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങളെജ്ക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുക.
  • മയക്കുമരുന്നിന് അടിമയായിപ്പോയ കുട്ടികൾക്കെ ആവശ്യമായ കൗൺസിലിങ് നൽകുക . ആവശ്യമെങ്കിൽ ഡി-അഡിക്ഷൻ സെന്റററുകളിൽ കൊണ്ടുപോയി ആവശ്യമായ ചികിത്സ നൽകുക. അനന്തരം അവരുടെ ശ്രദ്ധ ഫലപ്രദമായ മറ്റു വിഷയങ്ങളിലേക്ക് തിരിച്ചു വിടുക.  ആസക്തി പൂർണമായും മാറി സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതുവരെ ക്ഷമയോടെ അവർക്കു താങ്ങാവുക.
  • ഭരണകൂടവും നിയമപാലകരും മയക്കുമരുന്ന് വിൽപ്പനയും കടത്തും തടയുന്നതിനാവശ്യമായ കര്ശനമായ നടപടികൾ സ്വീകരിക്കുക. മയക്കുമരുന്നു കച്ചവടക്കാരെയും അവർക്കു പിന്നിലുള്ള മാഫിയയെയും കൈകാര്യം ചെയ്യാൻ കഠിനമായ ശിക്ഷ വ്യവസ്ഥകൾ നടപ്പിലാക്കുക.

ജുഡീഷ്യറിയുടെ  ഇടപെടൽ:-

2021 ൽ ഈ വിഷയത്തിലിടപെട്ട കേരള ഹൈക്കോടതി സംസ്ഥാനത്തെ വിശ്യാഭ്യാസസ്ഥാപനങ്ങളും സർവകലാശാലകളും ലഹരി വിമുക്തമാക്കാൻ ക്യാമ്പസ് പോലീസ് യൂണിറ്റ് രൂപീകരിക്കുന്നതുൾപ്പെടെ 10 നിർദ്ദേശങ്ങൾ നൽകിയിരുന്നു. ലഹരി ഉപയോഗം തടയുന്നതിനായി സ്കൂളുകളിലും കോളേജുകളിലും ആന്റി ഡ്രഗ് ക്ലാസുകൾ നടത്തണമെന്നനും ഈ ഉത്തരവിൽ പറഞ്ഞിരുന്നു.  ഇപ്പോൾ വർധിച്ചുവരുന്ന ഇത്തരം സംഭവങ്ങളിൽ വീണ്ടും ആകാംക്ഷയറിയിച്ച കോടതി, സംസ്ഥാനത്തെ 250 സ്കൂളുകളെ  ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്നു എന്ന എക്സ്‌സൈസ്  ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ ശ്രദ്ധിക്കണമെന്നും കേരളം ലെങൾ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം എന്നും അറിയിച്ചു.

    നമ്മുടെ യുവതലമുറകളെ നീരാളിപ്പിടിയിലാക്കുന്ന ഈ മഹാവ്യാധിയ്ക്കെതിരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം.

വിദ്യാര്‍ഥികളോട്

നിങ്ങളുടെ തലച്ചോറില്‍ ഭ്രാന്തിന്‍റെ വിത്തുകള്‍ വിതച്ച് കോടികള്‍ കൊയ്യുന്ന ലഹരി മാഫിയകള്‍ക്ക് ഇരയായും അടിമയായും ജീവിക്കേണ്ടി വരുന്നത് വല്ലാത്തൊരു ഗതികേടല്ലേ? എന്തൊരു നേട്ടമാണ് ലഹരികള്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്നത്? കുടുംബത്തില്‍ സന്തോഷകരമായും സമാധാനപരമായും അസ്വസ്ഥതകള്‍ ഒട്ടുമില്ലാതെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്നതിനെക്കാള്‍ വലുതല്ല ലഹരി നല്‍കുന്ന നൈമിഷികസുഖം എന്ന് തിരിച്ചറിയുക.

One response to ““ഉണരൂ””
  1. 𝗚𝗘𝗡𝗗𝗘𝗥 𝗦𝗤𝗨𝗔𝗗 Avatar
    𝗚𝗘𝗡𝗗𝗘𝗥 𝗦𝗤𝗨𝗔𝗗

    മയക്കുമരുന്നു വിപത്തിനെതിരേ ഒത്തുചേരുക…

    നാടിന്റെ ഭാവി വളര്‍ന്നുവരുന്ന തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സര്‍ഗാത്മകശേഷിയുമാണ് അതിലൂടെ അപകടത്തിലാക്കാന്‍ നോക്കുന്നത്. അത് അനുവദിച്ചുകൂട, മയക്കുമരുന്ന് വിപത്തിനെതിരേ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കാനാവണം, വിദ്യാലയതലം, തദ്ദേശ സ്വയംഭരണ തലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെ ലഹരിവിരുദ്ധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സമിതികള്‍ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കൈടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കണം. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ക്ലബുകള്‍, ലൈബ്രറികള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *