സാമുദായിക സൗഹാർദത്തിന് അതുല്യ മാതൃക

                                                                   ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കുമുള്ള പ്രവേശന കവാടം

ജാതിയുടെയും മതത്തിന്ടെയും പേരിൽ  നടക്കുന്ന സംഭവങ്ങൾ  വാർത്തകളിൽ  ഇടംപിടിക്കുന്ന ഇക്കാലത്തു മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഒരു ഉത്തമ ഉദാഹരണം   കൂടി നമ്മൾ അറിയണം.


        കാസർകോട് കുണിയയിൽ ക്ഷേത്രത്തിനും മസ്ജിദിനും ഒരു പ്രവേശന കവാടം. ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാല്‍ മസ്ജിദ് എന്നീ ആരാധനാലയങ്ങൾക്കാണ് ഒരു കവാടം ഒരുക്കിയിരിക്കുന്നത്. ഇവിടെ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കുമെത്തുന്ന വിശ്വാസികള്‍ക്ക് സ്വാഗതമോതി ഒരു പ്രവേശന കവാടവുമുണ്ട്. ഈ പ്രവേശന കവാടത്തിലൂടെ സഞ്ചരിച്ചാല്‍ ആദ്യമെത്തുന്നത് ബിലാല്‍ മസ്ജിദിലാണ്. പിന്നീട് എത്തുക ക്ഷേത്രത്തിലേക്കും. കേരള ക്ഷേത്രമാതൃകയിലും പള്ളിയുടെ മാതൃകയിലുമാണ് കവാടം നിര്‍മിച്ചിരിക്കുന്നത്. വലതുഭാഗത്തെ തൂണിന് മുകളില്‍ കേരളത്തനിമയോടെ ക്ഷേത്ര മാതൃകയും, ഇടതുഭാഗത്തെ തൂണിനു മുകളില്‍ മസ്ജിദ് മാതൃകയുമാണ് ഒരുക്കിയിട്ടുള്ളത്.


        നേരത്തെ ഈ റോഡില്‍ മസ്ജിദിനായി ഇരുമ്പ് കമാനമാണ് ഉണ്ടായിരുന്നത്. അതിന്റെ ഒരുഭാഗത്ത് ക്ഷേത്രം റോഡ് എന്നെഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം ക്ഷേത്രകമ്മിറ്റി പുതിയ കവാടം നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് നിര്‍മിക്കുന്നത് മസ്ജിദ് കമ്മിറ്റിയുമായി ആലോചിച്ചുമതിയെന്ന് പിന്നീട് തീരുമാനം മാറ്റി. നേരത്തെ കുണിയയില്‍ പുതുക്കിപ്പണിത ഖിള് രിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനത്തില്‍ മതമൈത്രി വിളിച്ചോതുന്ന സഹകരണമാണ് ഇരുകൂട്ടരും നടത്തിയത്. മതത്തിനുവേണ്ടി കലഹിക്കുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നാണ് ഇരുകൂട്ടരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *