മുത്തപ്പനും ഗുരുക്കളും നിറഞ്ഞാടി മാവൂരിൽ അപൂർവ മതമൈത്രി തിറ

മുത്തപ്പനും ഗുരുക്കളും നിറഞ്ഞാടി മാവൂരിൽ അപൂർവ മതമൈത്രി തിറ

 

കോഴിക്കോട് മാവൂര്‍ മുത്തപ്പന്‍ ഗുരുക്കള്‍ ക്ഷേത്രത്തില്‍ മതമൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കുന്ന അപൂര്‍വ തിറ. വിവിധ മതവിഭാഗങ്ങളിലുള്ളവരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഉത്സവത്തില്‍ മുത്തപ്പന്‍ ഗുരുക്കള്‍ വെള്ളാട്ടും തിറയാട്ടവുമാണ് വ്യത്യസ്തമായത്.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മുത്തപ്പനും ഗുരുക്കളുമാണ്. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ പള്ളിയറയില്‍ ഹിന്ദുവായ മുത്തപ്പന്റെയും മുസ്‌ലിമായ ഗുരുക്കളുടേയും പ്രതിഷ്ഠയുണ്ട്. ഉത്സവദിവസം ക്ഷേത്രമുറ്റത്ത് ആദ്യം വെള്ളാട്ട് അരങ്ങേറും. വെള്ളാട്ടിലാണ് കൈലി മുണ്ടും ബനിയനും അരപ്പട്ടയും ധരിച്ച ഗുരുക്കള്‍ എത്തുന്നത്.

താടിയും നെറ്റിയില്‍ നിസ്‌കാരത്തഴമ്പുമുള്ള ഗുരുക്കള്‍ വെള്ളാട്ടിനിടയില്‍ നമസ്‌കരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വരെ ചെയ്യും. മുത്തപ്പന്റെയും ഗുരുക്കളുടെയും വാസസ്ഥലത്തേക്ക് അതിക്രമിച്ചു വരുന്നവരുമായി ഇരുവരും ചേര്‍ന്ന് നടത്തുന്ന പോരാട്ടങ്ങളും യുദ്ധവുമാണ് തിറയാട്ടത്തില്‍ അവതരിപ്പിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായിരുന്ന ഹിന്ദുവായ നാട്ടുപ്രമാണിയും കച്ചവട ആവശ്യാര്‍ഥം ഇവിടെയെത്തിയ ഗുരുക്കളും തമ്മിലെ സൗഹൃദവും സഹോദര തുല്യമായ സ്‌നേഹമാണ് ഇവരെ ആരാധിക്കാനുള്ള കാരണമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *