“ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം; അത് നിങ്ങളുടെ ഉറക്കം കെടുത്തുന്നതാണ്”
ഡോ. എ.പി.ജെ. അബ്ദുൽ കലാം
സമർപ്പണം, ലാളിത്യം എന്നിവയാൽ അടയാളപ്പെടുത്തിയ “ഇന്ത്യയുടെ മിസൈൽ മനുഷ്യൻ” എന്നറിയപ്പെടുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവിതം എളിമയുള്ള ഒരു പശ്ചാത്തലത്തിൽ നിന്ന് ഇന്ത്യയുടെ പരമോന്നത പദവിയിലേക്കുള്ള ശ്രദ്ധേയമായ യാത്രയെ പ്രദർശിപ്പിക്കുന്നു. ആ ജീവിതയാത്രയിലൂടെ ഒന്നു കടന്നുപോയാലോ….

എസ്‌എൽവി-3 പരീക്ഷണത്തിന്റെ നാടകീയ ആരംഭം
ഇസ്റോയിലെ ശാസ്ത്രജ്ഞരിൽ മിക്കവരും അന്ന് അവിടെ ഉണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനം എസ്‌എൽവി-3-യുടെ പരീക്ഷണ ദിവസമായിരുന്നു അത്. കൺട്രോൾ റൂമിൽ വിക്ഷേപണത്തിനു മുൻപുള്ള അവസാന ഘട്ട തയ്യാറെടുപ്പിലായിരുന്നു അവരെല്ലാം. അവർക്ക് അത് വെറുമൊരു പരീക്ഷണം മാത്രമല്ല, ഏഴ് വർഷമായി കണ്ട സ്വപ്നങ്ങളുടെയും പ്രയത്നങ്ങളുടെയും അവസാന ഘട്ടമായിരുന്നു. ഏഴ് വർഷം രാപകൽ വ്യത്യാസമില്ലാതെ അവർ ഇതിനായി പ്രവർത്തിച്ചിരുന്നു. ഈ പ്രോജക്ട് ജോലി ചെയ്ത പലരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അതുകൊണ്ട് മാനസികമായി അവർ പ്രോജക്ടിനോട് വളരെ അടുത്തിരുന്നു. വൈകാതെ കൗണ്ട്ഡൗൺ ആരംഭിച്ചു. ഒരു വലിയ കടമ്പ കടന്നതിന്റെ ആശ്വാസം അവരിൽ ഉണ്ടായി. വിക്ഷേപണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അപ്പോഴും എല്ലാവരുടെയും ശ്രദ്ധ എസ്‌എൽവി-3-യിലായിരുന്നു. പെട്ടെന്ന് കൺട്രോൾ റൂം ആകെ ഒരു നിശ്ബ്ദത പടർന്നു. എന്തെന്നറിയാതെ അവരെല്ലാം ചുറ്റും നോക്കി. “വെഹിക്കിൾ ഈസ് ഔട്ട് ഓഫ് കൺട്രോൾ! ലോസ്റ്റ്!” – ഇത് നിശ്ബ്ദതയെ കീറിമുറിച്ച് ഓപ്പറേറ്ററിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു. ആ വാക്കുകൾ ഒരു വെടിയുണ്ട പോലെ അവിടെ നിന്നവരുടെ നെഞ്ചിലേക്ക് തറച്ചു. കേൾക്കുന്നത് സത്യമാണോ എന്നു പോലും അവർ ഒരു നിമിഷം സംശയിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ വാഹനം ബംഗാൾ ഉൾകടലിലേക്ക് പതിച്ചു.
സതീഷ് ധവാന്റെ ധൈര്യം
ഇസ്രോ ചെയർമാൻ സതീഷ് ധവാൻ മാധ്യമങ്ങളെ കാണാൻ മുന്നോട്ടുവന്നു. “ഇസ്രോയുടെ ചെയർമാനെന്ന നിലയിൽ ഈ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. പക്ഷേ ഈ പരാജയം ഇസ്രോയുടെ അവസാനമായിരിക്കില്ല. അടുത്ത ശ്രമത്തിൽ ഉറപ്പായും എസ്‌എൽവി-3 ഉപയോഗിച്ച് സാറ്റലൈറ്റ് വിക്ഷേപിച്ചിരിക്കും. ഇതെന്റെ വാക്കാണ്.” സതീഷ് ധവാന്റെ വാക്കുകൾ മാധ്യമ പ്രവർത്തകരെ ചെറിയ സംശയത്തിലാഴ്ത്തി. പരാജയത്തിന്റെ വേദനയേക്കാൾ കൂടുതൽ അടുത്ത തവണ വിജയിക്കുമെന്ന ധൈര്യമായിരുന്നു അവർ അയാളിൽ കണ്ടത്. സതീഷ് ധവാൻ അത് വെറുതെ പറഞ്ഞതായിരുന്നില്ല. ധവാന്റെ ആ ഭീകര ധൈര്യത്തിന് പിന്നിൽ ഒരാൾ ഉണ്ടായിരുന്നു. എസ്‌എൽവി-3 പറന്നുപൊങ്ങുന്ന ആ ദൃശ്യം അയാൾ പലതവണ എല്ലാവരുടെയും ഉള്ളിൽ ജനിപ്പിച്ചിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പ്രോജക്ടിലുള്ള എല്ലാവരെയും സ്വപ്നം കാണാൻ പഠിപ്പിച്ചത് തന്നെ അയാളായിരുന്നു.
രാമേശ്വരത്തെ ബാല്യകാലം
കരിമ്പനകൂട്ടങ്ങളും തെങ്ങുകളും മണൽകൂനകളും കൊണ്ട് നിറഞ്ഞ ഒരു ദ്വീപായിരുന്നു രാമേശ്വരം. രാമേശ്വരത്തെ ജനങ്ങൾക്ക് പുറംലോകവുമായുള്ള ഏകബന്ധം വെളുപ്പിന് തീവണ്ടിയിൽ ദ്വീപിൽ എത്തുന്ന പത്രക്കെട്ടുകളായിരുന്നു. പുറംലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ മനസ്സിലാക്കിയിരുന്നത് ആ പത്രങ്ങളിലൂടെ മാത്രമായിരുന്നു. പുലർച്ചെ വളരെ നേരത്തെ തന്നെ എട്ടു വയസ്സുകാരനായ അബ്ദുൽ കലാം രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയിരിക്കും. നിർത്താതെ പോകുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്കിടുന്ന പത്രക്കെട്ടുകൾ പറക്കിയെടുത്ത് രാമേശ്വരത്തെ തെരുവുകളിൽ വിതരണം ചെയ്യുക എന്നതായിരുന്നു കലാമിന്റെ പ്രധാന ജോലി. സൈക്കിളിന് പിൻവശത്ത് വെച്ചിരിക്കുന്ന പത്രക്കെട്ടുകളുമായി തെരുവിലൂടെ പോകുമ്പോഴും ആ കുട്ടിയുടെ കണ്ണുകൾ ആകാശത്തുകൂടി പറക്കുന്ന കടൽകാക്കകളിലായിരുന്നു എപ്പോഴും. കലാമിന്റെ മനസ്സിലേക്ക് പലതരത്തിലുള്ള സംശയങ്ങളും വന്നുകൊണ്ടിരിക്കുമായിരുന്നു. “എന്തുകൊണ്ടാണ് പക്ഷികൾക്കെല്ലാം പറക്കാൻ കഴിയുന്നത്? എന്തുകൊണ്ടാണ് മനുഷ്യർക്ക് പറക്കാൻ കഴിയാത്തത്? എനിക്കും പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! പത്രക്കെട്ടുകൾ പറന്നു ചെന്ന് വീടുകളിൽ വിതരണം ചെയ്യാമായിരുന്നു.” ഒരിക്കൽ താനും കടൽകാക്കകളെ പോലെ ആകാശമുട്ടെ പറന്നുയരുമെന്ന് ആ കുട്ടി സ്വപ്നം കാണാറുണ്ടായിരുന്നു.
കുടുംബവും വിദ്യാഭ്യാസവും
ജൈനുൽ ആബ്ദീൻ മരക്കാരുടെയും ആശിയമ്മയുടെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു അബ്ദുൽ കലാം. പഠിക്കുന്ന സമയത്ത് ഒരു സാധാരണ വിദ്യാർത്ഥി മാത്രമായിരുന്നു കലാം. എന്നാൽ മറ്റുള്ളവരിൽ നിന്നും ആ കുട്ടിയെ വേറിട്ടു നിർത്തിയിരുന്നത് തന്റെ കഠിനാദ്ധ്വാനം ചെയ്യുവാനുള്ള മനസ്സായിരുന്നു. “വലുതാകുമ്പോൾ എനിക്കൊരു പൈലറ്റ് ആകണം. എന്നിട്ട് ആകാശത്തോളം ഉയർന്നു പറക്കണം.” വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് കലാം കൊടുത്തിരുന്ന മറുപടി ഇതായിരുന്നു. എല്ലാവരും അതിന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നു, ഒരാൾ ഒഴിച്ച്. തന്റെ സ്വന്തം സഹോദരി. ഈ ഒരു കാര്യത്തിൽ തന്നെ ഏറ്റവും കൂടുതൽ കളിയാക്കിയിരുന്നത് സഹോദരിയായിരുന്നു. അതുകൊണ്ടുതന്നെ എപ്പോഴും ഇതിന്റെ പേരിൽ അവർ തമ്മിൽ വഴക്കൂടുമായിരുന്നു. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ഫിസിക്സ് ബിരുദം നേടുവാനായി തിരുച്ചിറപ്പള്ളിയിലുള്ള സെയിന്റ് ജോസഫ് കോളേജിൽ പ്രവേശിച്ചു. ആ ഒരു കാലത്തായിരുന്നു അബ്ദുൽ കലാം തിരിച്ചറിയുന്നത് – തന്റെ സ്വപ്നമായ പൈലറ്റ് എന്ന ലക്ഷ്യത്തിലെത്താൻ ഫിസിക്സ് മാത്രം പഠിച്ചാൽ മതിയാകില്ല. അതിനായി കൂടുതൽ അറിവ് നേടണം. അങ്ങനെ സെയിന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം അദ്ദേഹം ഏറോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കുവാനായി മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അപേക്ഷിച്ചു. വൈകാതെ തന്നെ കലാമിന് അവിടെ പഠിക്കുവാനുള്ള ക്ഷണം ലഭിച്ചു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ലഭിക്കുവാൻ ഏകദേശം ആയിരത്തോളം രൂപ ഫീസായി അടയ്ക്കണം. കലാം തന്റെ സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാത്ത ഒരു കാര്യമായിരുന്നത് അത്. കലാമിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആ തുക വളരെ വലുതായിരുന്നു, കാരണം സഹോദരിയുടെ വിവാഹം കഴിഞ്ഞ അവസരമായിരുന്നു അത്. അതുകൊണ്ട് പണമെല്ലാം ആ കാര്യത്തിനായി എടുത്തിരുന്നു. പണം എങ്ങനെ സ്വരൂപിക്കും എന്നതിനെപ്പറ്റി അവൻ ചിന്തിക്കാൻ തുടങ്ങി. രാമേശ്വരത്തുള്ള തന്റെ പരിചയക്കാരിൽ നിന്നും ആവശ്യമുള്ള പണം സംഘടിപ്പിക്കാമെന്ന് കലാം കരുതി. പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് – രാമേശ്വരത്ത് തന്നെ വളരെ കുറച്ചുപേരുടെ പക്കൽ മാത്രമേ അന്ന് അത്രയും പൈസ ഉണ്ടായിരുന്നുള്ളൂ. അവരെയാണെങ്കിൽ കലാമിന് നേരിട്ട് പരിചയവുമില്ല. പതിയെ പതിയെ പണം സംഘടിപ്പിക്കുവാനുള്ള എല്ലാ വഴികളും അവന്റെ മുൻപിൽ അടഞ്ഞു. അവന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തന്റെ സ്വപ്നങ്ങൾ ഇനി ഒരിക്കലും ഈ ദ്വീപിന്റെ അതിർത്തികൾ വിട്ട് പുറത്തു പോകില്ലെന്ന് കലാം തിരിച്ചറിഞ്ഞു. താൻ കണ്ട സ്വപ്നങ്ങൾ സ്വപ്നങ്ങളായി തന്നെ നിന്നോട്ടെ എന്ന് കലാം തീരുമാനിച്ചു. എന്നാൽ കലാം അങ്ങനെ തീരുമാനിച്ചെങ്കിലും താൻ തുടരെ തുടരെ കണ്ട സ്വപ്നം കലാമിനെ വെറുതെ വിട്ടില്ല. കലാമിന്റെ വിഷമം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന ഒരാൾ ഉണ്ടായിരുന്നു ആ വീട്ടിൽ – തന്റെ സ്വന്തം സഹോദരി. ഉടൻ തന്നെ തന്റെ പക്കൽ ഉണ്ടായിരുന്ന എല്ലാ വിവാഹ ആഭരണങ്ങളും കലാമിന് നേരെനീട്ടി: “നീ പറക്കുന്നത് എനിക്കും സ്വപ്നം കണ്ടൂടെ.” കലാമിന് ആ കാഴ്ച കണ്ടുനിൽക്കാൻ ആയില്ല. അവർ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ ആദ്യമായി തന്റെ സഹോദരിയെ വാരിപ്പുണർന്നു.
ശാസ്ത്രലോകത്തേക്കുള്ള പാത
രാമേശ്വരത്തെ തന്റെ വേണ്ടപ്പെട്ടവരോടെല്ലാം അവസാനമായി യാത്ര പറഞ്ഞ ശേഷം കലാം തീവണ്ടിയിൽ കയറി. വിമാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും പറക്കുന്നതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ചും കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ഈ കാലഘട്ടങ്ങളിൽ കലാമിന് കഴിഞ്ഞു. തന്റെ സ്വപ്നത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതായി കലാമിന് തോന്നി. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം കലാം പൈലറ്റ് ആകുവാനായി ഇന്ത്യൻ എയർഫോഴ്സ് നടത്തുന്ന സെലക്ഷൻ എക്സാം അറ്റൻഡ് ചെയ്തു. വളരെ പ്രതീക്ഷയോടെയാണ് അദ്ദേഹം പരീക്ഷയിൽ പങ്കെടുത്തത്. വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം അത് പൂർത്തിയാക്കി. എന്നാൽ വിധി മറ്റൊന്നായിരുന്നു. പരീക്ഷയിൽ പങ്കെടുത്തവരിൽ എട്ടു പേരെ മാത്രമേ അന്ന് തിരഞ്ഞെടുത്തുള്ളൂ. നിർഭാഗ്യവശാൽ കലാമിന് ഒൻപതാം റാങ്ക് ആയിരുന്നു. കലാമിനെ ഇത് വളരെയധികം നിരാശനാക്കി. തന്റെ സ്വപ്നം നേടിയെടുക്കുവാനുള്ള ഏറ്റവും വലിയ വാതിലായിരുന്നു അന്ന് അടഞ്ഞത്. സഹോദരിയുടെ മുഖമായിരുന്നു കലാമിന്റെ മനസ്സിൽ മുഴുവൻ. എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കലാമിന് തോന്നി. പൈലറ്റ് ആകാൻ കാത്തിരുന്നാൽ സമയം പാഴാവുകയേയുള്ളൂ. അങ്ങനെ തൽക്കാലത്തേക്ക് മറ്റു ജോലികൾ കലാം അന്വേഷിക്കാൻ തുടങ്ങി. വൈകാതെ തന്നെ ഒരു അവസരം കലാമിനെ തേടിയെത്തി – ഗവേഷണ സംഘടനയായ ഡിആർഡിഒയിൽ നിന്ന്. മാസം 250 രൂപ ശമ്പളത്തിൽ സയന്റിസ്റ്റ്റായി കലാം അവിടെ ജോലിക്ക് പ്രവേശിച്ചു. പുതുതായി ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും പരീക്ഷിക്കുവാനുമുള്ള ഒരു അവസരമായിരുന്നു അത്. ഏറോനോട്ടിക്സുമായി ബന്ധപ്പെട്ട നിരവധി പ്രോജക്ടുകളിൽ അദ്ദേഹം ഭാഗമായി. പറക്കുന്ന വസ്തുക്കൾ നിർമ്മിക്കുമ്പോഴും സ്വയം പറക്കണമെന്ന മോഹം കലാമിന്റെ മനസ്സിനുള്ളിൽ അപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ഇസ്റോയിലേക്കുള്ള യാത്ര
ഇന്ത്യ ബഹിരാകാശ സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്ന ഒരു സമയമായിരുന്നു അത്. അങ്ങനെയിരിക്കുകയാണ് കലാമിന് ഗവേഷണ ഏജൻസിയായ ഇസ്രോയിലേക്ക് റോക്കറ്റ് എൻജിനീയറായി ട്രാൻസ്ഫർ ലഭിക്കുന്നത്. ബഹിരാകാശ ഗവേഷണങ്ങൾക്കായി ഇന്ത്യൻ ഗവൺമെന്റ് തുടക്കം കുറിച്ച ഒരു സംഘടനയായിരുന്നു ഇസ്രോ. വിക്രം സാരാഭായി എന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇസ്രോയെ അന്ന് നിയന്ത്രിച്ചിരുന്നത്. വളരെ ശാന്തനും ദീർഘദർശിയുമായ ഒരാളായിരുന്നു അദ്ദേഹം. ആ മനുഷ്യൻ കലാമിനെ യഥാർത്ഥത്തിൽ കൗതുകപ്പെടുത്തി. സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളാണെങ്കിലും അദ്ദേഹം വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ ഇടപഴകുമായിരുന്നു. ആദ്യമായിരുന്നു കലാം അങ്ങനെ ഒരു ചെയർമാനെ കാണുന്നത്. ബഹിരാകാശ വിക്ഷേപണങ്ങൾക്കായി ഇന്ത്യയിൽ ഒരു റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ തുടങ്ങാനുള്ള പ്രോജക്ടിലായിരുന്നു അവരെല്ലാം. അതിന് അനുയോജ്യമായ ഒരു സ്ഥലത്തിനായി അവർ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഭൂമിയുടെ കാന്തികരേഖ കടന്നുപോകുന്ന തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന മത്സ്യബന്ധന ഗ്രാമമായിരുന്നു അവർ തിരഞ്ഞെടുത്തത്. അവിടെയുള്ള ഒരു പള്ളി അവരുടെ പരീക്ഷണത്തിനായുള്ള കേന്ദ്രമായി തിരഞ്ഞെടുത്തു. അവിടെ ആദ്യഘട്ട ഗവേഷണങ്ങളും അവർ തുടങ്ങി. എന്നാൽ കലാം ബഹിരാകാശവുമായി ബന്ധപ്പെട്ട ഇത്രയും വലിയ ഒരു പ്രോജക്ട് ചെയ്യുന്നത് ഇതാദ്യമായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന് നിരവധി സംശയങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം അത് വിക്രം സാരാഭായിയുമായി പങ്കുവെക്കാൻ തുടങ്ങി. സാരാഭായി അതിനെ കൈകാര്യം ചെയ്യുന്ന രീതി കലാമിന് ഇഷ്ടപ്പെട്ടിരുന്നു. ഒരു കൊച്ചുകുട്ടിയോട് വിശദീകരിക്കുന്ന പോലെയാണ് കലാമിനോട് സാരാഭായി വിശദീകരിച്ചിരുന്നത്. പതിയെ പതിയെ ഒരു കാരണവുമില്ലാതെ കലാം സംശയങ്ങൾ ചോദിക്കാൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കുക എന്നതായിരുന്നു ലക്ഷ്യം. സാരാഭായിക്കും അത് മനസ്സിലാകുന്നുണ്ടായിരുന്നു. അദ്ദേഹവും കലാമിന്റെ ചോദ്യങ്ങളെ ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം സാരാഭായി കലാമിന്റെ മനഃപൂർവം സംശയം ചോദിക്കുന്ന സ്വഭാവം കൈയോടെ പിടികൂടി. അവർ രണ്ടുപേരും അന്ന് പൊട്ടിച്ചിരിച്ചു. ലാബിലെ എല്ലാവരും അത്ഭുതത്തോടെ അത് നോക്കിനിന്നു. അങ്ങനെ അവർ പോലും അറിയാതെ അവരുടെ ഇടയിൽ ഒരു ഗുരുശിഷ്യബന്ധം ജനിച്ചു.
വിജയവും പരാജയവും
നിരവധി ദിവസത്തെ പരിശ്രമങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിൽ അവർ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങി. ഇന്ത്യയിലെ എല്ലാ ജനങ്ങളെയും അത്ഭുതപ്പെടുത്തികൊണ്ട് ആ ദൗത്യം ഇസ്രോ വിജയകരമായി പൂർത്തിയാക്കി. ഇസ്രോയുടെ ബഹിരാകാശ ഗവേഷണങ്ങളും പദ്ധതികളും ഘട്ടംഘട്ടമായി മുന്നേറാൻ തുടങ്ങി. നിരവധി ചെറിയ റോക്കറ്റുകൾ അവർ പരീക്ഷണം എന്ന രീതിയിൽ വിക്ഷേപിച്ചു തുടങ്ങി. പതിയെ ഇന്ത്യൻ ഗവൺമെന്റിന്റെ ആ സംഘടന വളർന്നു. ഗവൺമെന്റിന് ആ സംഘടനയോടുള്ള വിശ്വാസവും കല്ലുപോലെയായി. ഒരിക്കൽ സാരാഭായ് കലാമിനെ വിളിച്ചുവരുത്തി പറഞ്ഞു: “ഇതുവരെ നമ്മൾ എല്ലാ വിക്ഷേപണങ്ങൾക്കും മറ്റു രാജ്യങ്ങളെയാണ് ആശ്രയിച്ചത്. എല്ലാകാലവും ഇന്ത്യ ഇങ്ങനെ ആശ്രയിക്കണോ? നമുക്ക് സ്വന്തമായി സാറ്റലൈറ്റ് വിക്ഷേപിക്കാൻ പറ്റില്ലേ? കാലാവസ്ഥ പ്രവചനം, ആശയവിനിമയം, ടെലിവിഷൻ തുടങ്ങിയ വിവിധ മേഖലകളുടെ സാധ്യതയാണ് ഇതിലൂടെ തുറക്കാൻ പറ്റുക. നീ പറയ്, നമ്മുടെ ഇന്ത്യക്ക് സ്വന്തമായി ഒരു സാറ്റലൈറ്റ് വിക്ഷേപണ വാഹനം വേണ്ടേ?” സാരാഭായി തുടർന്നും ഇതിനെക്കുറിച്ച് വാതോരാതെ സംസാരിക്കാൻ തുടങ്ങി. കുറച്ചു സമയത്തെ സംസാരത്തിൽ തന്നെ ഈ ദൗത്യം സാരാഭായിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതാണെന്ന് കലാം മനസ്സിലാക്കി. എന്ത് വില കൊടുത്തും ഇത് ചെയ്യുമെന്നും കലാം തീരുമാനിച്ചു. അങ്ങനെ രാവും പകലും ഇതിനായി കലാം ജോലി ചെയ്യാൻ ആരംഭിച്ചു. തന്റെ ഗുരുവിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ദക്ഷിണ ഇതായിരിക്കുമെന്ന് കലാം ഉറപ്പിച്ചു.
സാരാഭായിയുടെ വിടവാങ്ങലും വിജയം
അങ്ങനെയിരിക്കുകയാണ് വിക്രം സാരാഭായിയുടെ ഒരു വിളി കലാമിനെ തേടിയെത്തിയത്. ഡൽഹിയിലായിരുന്നു കലാം ആ സമയത്ത്. എത്രയും പെട്ടെന്ന് കലാമിനെ കാണണമെന്നായിരുന്നു സാരാഭായിയുടെ നിർദ്ദേശം. അത് കേട്ടപ്പോൾ തന്നെ കലാം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എന്നാൽ എയർപോർട്ടിൽ എത്തിയ കലാമിനെ കാത്തിരുന്നത് ഹൃദയം കീറിമുറിക്കുന്ന ഒരു വാർത്തയായിരുന്നു – വിക്രം സാരാഭായി ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. കലാം പൂർണമായും തകർന്നു. ലോകമില്ലാത്തതുപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ശേഷം ഇസ്രോ ചെയർമാന്റെ സീറ്റിൽ പുതിയ ഒരാൾ വന്നു. തിരിച്ചുവന്നപ്പോൾ പുതിയ ചെയർമാനോട് ഒരൊറ്റ നിർബന്ധം മാത്രമായിരുന്നു കലാമിനുണ്ടായിരുന്നത് – സാരാഭായയുടെ പ്രോജക്ടിനു ശേഷമേ മറ്റെന്തും താൻ ചെയ്യുകയുള്ളൂ. സതീഷ് ധവാൻ അത് സമ്മതിക്കുകയും ചെയ്തു. മാത്രവുമല്ല, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കലാമിന്റെ ജോലിയോടുള്ള ആത്മസമർപ്പണം ധവാനെ അത്ഭുതപ്പെടുത്തി. ജോലിയുടെ കാര്യത്തിൽ രാത്രിയും പകലും ഒന്നും അയാളെ തൊടുന്നത് പോലുമില്ല. ധവാൻ കലാമിനെ ആ പ്രോജക്ടിന്റെ ഡയറക്ടറായി നിയമിച്ചു. കഠിനാധ്വാനത്തിന്റെയും കൃത്യമായ പരീക്ഷണങ്ങളുടെയും ദിവസങ്ങളായിരുന്നു പിന്നീട്. ഒടുവിൽ പരീക്ഷണത്തിനായുള്ള ആ ദിവസം വന്നെത്തി. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട എന്ന ദ്വീപായിരുന്നു പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. എല്ലാ സന്നാഹങ്ങളുമായി അവർ അതിന് തയ്യാറായി. എന്നാൽ അവിടെ കൂടി നിന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് സംഭവിച്ചത്. അവരുടെ എല്ലാ സ്വപ്നങ്ങളും പ്രയത്നങ്ങളും ആ കുറച്ചു സെക്കൻഡിൽ നഷ്ടപ്പെട്ടു. കലാമിന് ആ പരാജയം സഹിക്കാവുന്നതായിരുന്നില്ല. പുറത്ത് കാണിച്ചില്ലെങ്കിലും വല്ലാത്തൊരു വേദന അദ്ദേഹത്തെ പിന്തുടർന്നു. കണ്ണടയ്ക്കുമ്പോഴെല്ലാം സാരാഭായുടെ മുഖമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ ഒരു വാചകം ആവർത്തിച്ചു വരാൻ തുടങ്ങി: “എന്ത് സംഭവിച്ചാലും ഈ പ്രോജക്ട് അവസാനിക്കരുത്.” അദ്ദേഹം തിരിച്ച് ഇസ്രോയിൽ എത്തി. പ്രോജക്ട് എവിടെയാണ് പാളിപ്പോയതെന്ന് വിശദമായി പഠിക്കാൻ ആരംഭിച്ചു. തന്റെ ടീമിനെ മുഴുവൻ അദ്ദേഹം സജ്ജമാക്കി. മുൻപ് പറ്റിയതുപോലൊരു തെറ്റ് ഇനി ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും അവർ എടുത്തു. ഇനി ഇങ്ങനെ ഒരു പരാജയം ഉണ്ടാകരുതെന്ന് കലാമും സംഘവും മനസ്സിൽ കുറിച്ചിട്ടു. അങ്ങനെ എസ്‌എൽവി-3-യുടെ രണ്ടാമത്തെ പരീക്ഷണത്തിനായി അവരെല്ലാം തയ്യാറായി. മുൻപ് പരാജയപ്പെട്ട ശ്രീഹരിക്കോട്ടയായിരുന്നു വിക്ഷേപണത്തിനായി ഇപ്രാവശ്യം തിരഞ്ഞെടുത്തത്. ഇന്ത്യ മുഴുവൻ അവരെ ഉറ്റുനോക്കുകയായിരുന്നു. കൗണ്ട്ഡൗൺ ആരംഭിച്ചു. കലാം തന്റെ കണ്ണുകൾ ഇറുക്കി അടച്ചു. “ഇന്റ് ഓർബിറ്റ്! ഇന്ത്യ ഇൻ സ്പേസ്!” കലാം തന്റെ കണ്ണുകൾ തുറന്നു. അദ്ദേഹത്തിന് ആ കാഴ്ച വിശ്വസിക്കാനായില്ല. എസ്‌എൽവി-3 എല്ലാ ഘട്ടങ്ങളും താണ്ടിയിരിക്കുന്നു. എസ്‌എൽവി-3-യുടെ പരീക്ഷണം വിജയകരമായി അവസാനിച്ചിരിക്കുന്നു. അതുപയോഗിച്ച് ഇന്ത്യ ആദ്യമായി രോഹിണി എന്ന സാറ്റലൈറ്റ് ഭൂമിയുടെ ഓർബിറ്റിൽ എത്തിച്ചിരിക്കുന്നു. ചുരുങ്ങി സമയം കൊണ്ട് ആ വാർത്ത ലോകം മുഴുവൻ പടർന്നു. ഇന്ത്യയുടെ അഭിമാനം മറ്റു രാജ്യങ്ങൾക്ക് മുൻപിൽ ഉയർത്തിപ്പിടിച്ചു. ഇസ്രോയെ മാധ്യമങ്ങൾ അഭിനന്ദിക്കാൻ ആരംഭിച്ചു.
മിസൈൽ മാനും രാഷ്ട്രപതിയും
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ലെറ്റർ കലാമിനെ തേടിയെത്തി. ചെയർമാൻ സതീഷ് ധവാനിലൂടെയാണ് അത് എത്തിയത്. പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ കത്തായിരുന്നു അത്: “ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തിന്റെ സ്വാധീനം നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മുകളിലാണ്. മറ്റു രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനം ആകാശത്തോളമാണ് നിങ്ങൾ ഉയർത്തിയത്. ഇപ്പോൾ സ്വന്തമായി റോക്കറ്റുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പ്രാപ്തിയുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. അതിനു നേതൃത്വം വഹിച്ചതിൽ ഇന്ത്യ എന്നും താങ്കളോട് കടപ്പെട്ടിരിക്കും.” ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശത്താൽ കലാം ഇസ്രോയിൽ നിന്നും ഡിആർഡിഒയിലേക്ക് ട്രാൻസ്ഫർ ആയി. ഇന്ത്യയുടെ ഡിഫൻസ് ഓർഗനൈസേഷൻ ആണ് ഡിആർഡിഒ. അന്ന് അദ്ദേഹത്തെ പോലൊരു പ്രതിഭയുടെ ആവശ്യം ഡിആർഡിഒക്ക് ഉണ്ടായിരുന്നു. അവിടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഇന്ത്യക്കായി മിസൈലുകൾ നിർമ്മിക്കുക എന്നതായിരുന്നു കലാമിന്റെ അടുത്ത ദൗത്യം. അങ്ങനെ ഇന്ത്യയുടെ മിസൈലുകളുടെ നിർമ്മാണത്തിൽ കലാം പങ്കാളിയായി. അവിടെയും കലാം ജോലിയിൽ പൂർണ്ണ സമർപ്പണമായിരുന്നു. ജോലിയിലേക്ക് ആഴ്ന്നിറങ്ങുവാൻ അദ്ദേഹത്തിന് എളുപ്പം സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സാന്നിധ്യം ഇന്ത്യയുടെ മിസൈലുകളുടെ നിർമ്മാണത്തിൽ വലിയൊരു മാറ്റം കൊണ്ടുവന്നു. അതുകൊണ്ട് അവരുടെ ഇടയിൽ ഒരു പേരും കലാമിന് വീണു – മിസൈൽ മാൻ ഓഫ് ഇന്ത്യ. അങ്ങനെയിരിക്കുകയാണ് പുതിയൊരു അവസരം കലാമിനെ തേടിയെത്തുന്നത്. ശാസ്ത്രമേഖലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കലാമിനെ പൂർണമായും ഞെട്ടിക്കുന്നതായിരുന്നു ആ അവസരം. ചെറുപ്പനാള്‍ മുതല്‍ നിരവധി സ്വപ്നങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഒരു സ്വപ്നം താൻ കണ്ടിട്ടുണ്ടായിരുന്നില്ല – ഇന്ത്യയുടെ രാഷ്ട്രപതി ആകുക. ഭരിച്ചുകൊണ്ടിരിക്കുന്ന ഗവൺമെന്റിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ച് ചുരുക്കം ചില പ്രസിഡന്റുമാരിൽ ഒരാളായി കലാം ചുമതലയേറ്റു. അവിടെയും അദ്ദേഹം തന്റെ പരമാവധി ഊർജ്ജം പുറത്തെടുത്തു. അങ്ങനെ കലാം മുൻപോട്ടു പോയി. പെട്ടെന്നായിരുന്നു ഒരു ആശയം കലാമിന്റെ തലയിൽ കയറിയത്. ഉടൻ തന്നെ ആ കാര്യം രാഷ്ട്രപതി അധികാരം ഉപയോഗിച്ച് ഇന്ത്യൻ എയർഫോഴ്സിനെ അറിയിച്ചു. എയർഫോഴ്സിലെ അധികൃതർ അതിന് സമ്മതം അറിയിച്ചു എങ്കിലും ചെറിയൊരു ആശങ്ക അവരിൽ ഉണ്ടായിരുന്നു. കലാമിന് ഇപ്പോൾ 74 വയസ്സാണ്. കൂടാതെ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയുമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം ഇതിനെ സമ്മതിക്കുമോ എന്നറിയില്ല. പക്ഷേ അവർക്ക് സമ്മതിക്കാതെ വേറെ വഴിയില്ലായിരുന്നു, കാരണം ആഗ്രഹം പറയുന്നത് രാജ്യത്തിന്റെ രാഷ്ട്രപതിയാണ്. അങ്ങനെ അതിനായുള്ള പരിശീലനം ആരംഭിച്ചു. ഒടുവിൽ ആ പരിശീലനങ്ങൾക്ക് ശേഷം കലാം ജെറ്റിനുള്ളിൽ കയറി. ശേഷം പൈലറ്റിന്റെ മേൽനോട്ടത്തിൽ ജെറ്റിന്റെ നിയന്ത്രണം കലാം ഏറ്റെടുത്തു. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വയം പറക്കാൻ തുടങ്ങി കലാം. പുറത്തേക്ക് നോക്കി – പക്ഷികളും തന്റെ ഒപ്പം പറക്കുന്നുണ്ട്. ഒരു ചെറുപുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിൽ വിടർന്നു.
അങ്ങനെ ആ എട്ടുവയസുകാരൻ തന്റെ സ്ഥിരോത്സാഹവും കഠിന പരിശ്രമവും കൊണ്ട് തന്റെ പറക്കാനുള്ള ആഗ്രഹം സാക്ഷാത്കരിച്ചു; ദശാബ്ദങ്ങൾക്കിപ്പുറം.






Leave a Reply