ഫാത്തിമ ബീവി

പത്തനംതിട്ടയിൽ 1927 ഏപ്രിൽ 30 -ന് സർക്കാർ ഉദ്യോഗസ്ഥരായ ഖദീജ ബീവിയുടെയും അന്നവീട്ടിൽ മീരാസാഹിബിന്റെയും മകളായി  ഫാത്തിമ ജനിച്ചു. പത്തനംതിട്ടയിലെ കാതോലിക്കേറ്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎസ്‌സി ബിരുദവും നേടി. പിന്നീട് തിരുവനന്തപുരം ഗവൺമെന്റ് ലോകോളേജിൽ നിന്ന് നിയമ ബിരുദം പൂർത്തിയാക്കിയ ശേഷം, ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ വനിതയായി. ആ അംഗീകാരം നേടിയ ആദ്യത്തെ വനിതയ്ക്കുള്ള സ്വർണ്ണമെഡലിനു അർഹയാകുകയും ചെയ്തു.

1950-ൽ അവർ ഒരു അഭിഭാഷകയായി കേരളത്തിലെ കീഴ്ക്കോടതിയിൽ ജോലി ആരംഭിച്ചു. എട്ട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം കേരള സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുനിസിഫായി. കേരളത്തിന്റെ സബോർഡിനേറ്റ് ജഡ്ജ് (1968-72), ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (1972) ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി (1974-80), ഇൻകംടാക്സിൽ അപ്പലേറ്റ് ട്രിബ്യുണൽ ജുഡീഷ്യൽ  അംഗം. (1980-83) കൂടാതെ 1983 ൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. 1989 ഏപ്രിൽ 29-ന്‌ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. എന്നാൽ 1989 ഒക്ടോബർ 6 -ന്  സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിച്ചു. അങ്ങനെ ഇന്ത്യയിലെ പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ് എം ഫാത്തിമ ബീവി. കൂടാതെ  ഇന്ത്യയുടെ ന്യായാധിപസ്ഥാനങ്ങളിൽ ഏറ്റവും ഉന്നതിയിലേക്ക് എത്തിയ ആദ്യത്തെ മുസ്ലിം വനിതാ എന്ന ബഹുമതിയും ഫാത്തിമ ബീവിയ്ക്ക് സ്വന്തമാണ്.

ഒരിക്കൽ ഒരുമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ജുഡീഷ്യറിയിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ വാതിൽ ഞാൻ തുറന്നു എന്ന് അവർ പരാമർശിച്ചു. അവർ പുരുഷാധിപത്യ സമൂഹത്തിനെതിരെ ശബ്ദമുയർത്തുകയും ജുഡീഷ്യറിയിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ആവശ്യകതയിൽ ഊന്നി പ്രവർത്തിക്കുകയും ചെയ്തതോടൊപ്പം ഉയർന്ന ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് സംവരണം വേണമെന്നും   വാദിച്ചു.

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ജഡ്ജി എന്നതിനു പുറമേ, തമിഴ്‌നാട് ഗവർണറായി 1997 ജനുവരി 25 ന് നിയമിക്കപ്പെട്ടു. തമിഴ്നാട് ഗവർണർ എന്ന നിലയിൽ അവർ മദ്രാസ് സർവകലാശാലയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചു. 1990 ൽ അവർക്ക് ‘മഹിള ശിരോമണി’ അവാർഡ് ലഭിച്ചു. 1993 ൽ അവർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചു. 2002 ൽ രാഷ്ട്രപതിയുടെ നാമനിർദ്ദേശത്തിനായി അവരുടെ പേര് ചർച്ച ചെയ്യപ്പെട്ടു, എന്നിരുന്നാലും, ഡോ എ പി ജെ അബ്ദുൾ കലാമിന്റെ പേര് അന്തിമമായി തീരുമാനിച്ചു.

സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണ്. അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്ലാം മതം നിർദ്ദേശിക്കുന്നു. സമൂഹത്തിൽ ബാദ്ധ്യതകളും ഉത്തരവാദിത്തങ്ങളും ഉള്ളതു പോലെ തന്നെ അവകാശങ്ങളുമുണ്ടെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. ഇതിന്റെ മകുടോദാഹരണമാണ് ഫാത്തിമ ബീവിയുടെ ജീവിതം. സ്ത്രീകൾക്ക് ഭാരതത്തിൽ പുരുഷനോടൊപ്പം സ്ഥാനമുണ്ടെന്നും ഓരോ  സ്ത്രീക്കും ജാതിമതഭേദമില്ലാതെ    സമൂഹത്തിൽ ഉന്നത ശ്രേണി യിൽ എത്താമെന്നും ഇത് തെളിയിക്കുന്നു

*****

One response to “ഫാത്തിമ ബീവി”
  1. റംല സുൽത്താന Avatar
    റംല സുൽത്താന

    ഫാത്തിമ ബീവിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം സഹായിച്ചു. നന്ദി !

Leave a Reply

Your email address will not be published. Required fields are marked *