ഗാന്ധിയൻ കാഴ്ചപ്പാടിൽ സാമുദായിക ഐക്യം

    സാമുദായിക ഐക്യം നിലനിർത്തുന്നതിൽ നമ്മുടെ സാമുദായികപരിഷ്കർത്താക്കൾ നൽകിയ സംഭാവനകൾ എന്നും നിലനിൽക്കുന്നതാണ്. അതിൽ എന്നും  അഭിമാനത്തോടെ എടുത്തു പറയുന്ന പേരാണ് നമ്മുടെ രാഷ്ട്രപിതാവിന്റേത്.

     മഹാത്മാഗാന്ധി നമ്മുടെ രാജ്യത്തിന് ലക്ഷ്യബോധമുള്ള ആശയങ്ങൾ  നൽകുകയും പരിഷ്കർത്താവ്, ചിന്തകൻ, വിമോചകൻ എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.  ഒരു പ്രായോഗിക ആദർശവാദിയായിരുന്ന  അദ്ദേഹത്തിന് ചെറുപ്രായത്തിൽ തന്നെ നിരീക്ഷണ, വിശകലന, പരീക്ഷണ ബോധവും എല്ലാ കാര്യങ്ങളെയും വിവേകപൂർവ്വം സമീപിക്കാനുള്ള സവിശേഷമായ കഴിവും  ഉണ്ടായിരുന്നു. ഭഗവദ്ഗീതയ്ക്കും ഉപനിഷത്തിനും അദ്ദേഹം പുതിയ അർത്ഥങ്ങൾ കണ്ടെത്തുകയും തന്റെ ക്രിയാത്മകമായ സാമൂഹിക പ്രവർത്തങ്ങളിൽ അവയ്ക്ക് പ്രഥമപരിഗണന നൽകുകയും ചെയ്തു. അതിന്റെ ഫലമാണ് ഗാന്ധിജി തന്നെ എഴുതിയ പ്രസിദ്ധമായ “ദി വേ ടു കമ്യൂണൽ ഹാർമണി” എന്ന പുസ്തകം. അദ്ദേഹത്തിന്റെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഈ ശേഖരത്തിൽ, വ്യക്തികളിലും സമൂഹത്തിലും  മികച്ച മാറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം കാണിച്ച ആത്മാർത്ഥത ഒരാളെ വീണ്ടും വീണ്ടും അദ്ദേഹത്തോട് ആകർഷിക്കുന്നു. മനുഷ്യരാശിയെ ഭിന്നിപ്പിക്കുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗാന്ധിയുടെ ചിന്തകളുടെ സമാഹാരമാണ് ഈ പുസ്തകം. ലോകത്ത് എല്ലായിടത്തും വ്യക്തികളും ഗ്രൂപ്പുകളും പരസ്പരം ഭയവും സംശയവും വിദ്വേഷവും കാരണം ഭിന്നിച്ചിരിക്കുന്നു. രൂപമെന്തായാലും, അരക്ഷിതാവസ്ഥയാണ് ഒരുപക്ഷേ വ്യക്തിപരമോ സാമൂഹികമോ ആയ ഈ വിയോജിപ്പുകളുടെ പ്രധാന കാരണം.

   ദക്ഷിണാഫ്രിക്കയിലെ താമസത്തിനിടയിലാണ് ഗാന്ധിജി സമുദായ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ മുമ്പിലുള്ള പ്രധാന ചോദ്യം ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യത്തെക്കുറിച്ചായിരുന്നു.  ഹിന്ദു-മുസ്ലീം ഐക്യം സ്ഥാപിച്ചാൽ, മറ്റ് സമുദായങ്ങളുമായുള്ള ഐക്യം എളുപ്പത്തിൽ ശക്തിപ്പെടുത്താമെന്ന് ഗാന്ധിജിക്ക് തോന്നി. ഹിന്ദുക്കളും, ക്രിസ്ത്യാനികളും സിഖുകാരും പോലെയുള്ള മറ്റ് ന്യൂനപക്ഷ സമുദായങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. സ്വാഭാവികമായും, അദ്ദേഹം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ചോദ്യത്തിലേക്ക് തിരിഞ്ഞു. രാജ്യത്ത് ഭൂരിപക്ഷമുള്ള ഹിന്ദുക്കൾ മുസ്ലീങ്ങളെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ  സഹായിക്കണമെന്നും അങ്ങനെ ന്യൂനപക്ഷ സമൂഹത്തിന്റെ ഹൃദയം നേടാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

     അദ്ദേഹം പറയുന്നുഎന്റെ രക്തം കൊടുത്തും രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ ഞാൻ തയ്യാറാണ്. രണ്ട് സമുദായങ്ങളി ഭിന്നിപ്പുണ്ടാക്കാൻ തക്കവണ്ണം ഒരു മതത്തിലും ഞാൻ ഒന്നും കാണുന്നില്ല. പ്രകൃതിയിൽ എല്ലാ വൈവിധ്യങ്ങളിലും ഒരു അടിസ്ഥാന ഐക്യം പ്രവർത്തിക്കുന്നു. അതുപോലെ തന്നെ മതങ്ങളും പ്രകൃതി നിയമത്തിന് സമാന്തരമാണ്. ഈ കാലഘട്ടത്തിന്റെ ആവശ്യം ഒരു സാർവത്രിക മതത്തിന്റെ സ്ഥാപനമല്ല, മറിച്ച് വ്യത്യസ്ത മതങ്ങളോട് പരസ്പര ബഹുമാനം വളർത്തിയെടുക്കുക എന്നുള്ള ആവശ്യകതയാണ്

     അടിസ്ഥാന തത്വമായ ‘സത്യം’ ഗാന്ധിജിയുടെ ചിന്തയ്ക്കും പ്രവർത്തനത്തിനും പ്രചോദനമായി.  എല്ലാ സൃഷ്ടികളിലും ലംഘിക്കാനാവാത്ത ഐക്യം നിലനിൽക്കുന്നുവെന്നും ആ ഐക്യത്തിന്റെ ഏതെങ്കിലും രീതിയിലുള്ള ലംഘനം ദുരന്തം സൃഷ്ടിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. ഈ തത്വം എല്ലാ മതങ്ങളിലും പ്രതിപാദിക്കുന്നതായി അദ്ദേഹം കണ്ടു, ഈ കാരണമാണ് എല്ലാ വിശ്വാസങ്ങൾക്കും തുല്യ ബഹുമാനം നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എല്ലാ മതങ്ങളും മനുഷ്യരാശിയുടെ സമത്വത്തെക്കുറിച്ചും പ്രകൃതിയുടെ എല്ലാ സൃഷ്ടികളുമായും യോജിപ്പുള്ള ബന്ധം വളർത്തിയെടുക്കാനും  നിർദ്ദേശിക്കുന്നു. ഈ സമത്വ തത്വത്തിന്റെ ഏത് ലംഘനവും സംഘർഷത്തിന്  വഴിയൊരുക്കുന്നു.

 

     ഗാന്ധിജി പറയുന്നു “ഇസ്ലാമിന്റെ അടിസ്ഥാന ആശയം അക്രമമല്ല, മായം കലരാത്ത സമാധാനമാണെന്ന് ഖുർആൻ വായിച്ചതിലൂടെ എനിക്ക് ബോധ്യമായി. അതുപോലെ തന്നെ ഖുർആനിൽ സഹിഷ്ണുത പ്രതികാരത്തെക്കാൾ ശ്രേഷ്ഠമാണെന്ന് പറയുന്നു.ഇസ്ലാം” എന്ന വാക്കിന്റെ അർത്ഥം സമാധാനം എന്നാണ്, അത് അഹിംസയാണ്.  ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന സിദ്ധാന്തം ഗാന്ധിജി ഒരിക്കലും തത്ത്വത്തിൽ അംഗീകരിച്ചിരുന്നില്ല, ഈ തത്വത്തിന്റെ വിനാശകരമായ സ്വഭാവം അദ്ദേഹം ഇരുവരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇന്ത്യയുടെ സമുദായങ്ങൾക്കിടയിൽ ഐക്യത്തിന്റെ പാഠം പകരാൻ തന്റെ ജീവിതത്തിന്റെ അവസാനദിവസം വരെ അദ്ദേഹം ശ്രമിച്ചിരുന്നു. ധാർമ്മികതയുടെ അടിസ്ഥാനങ്ങൾ എല്ലാ മതങ്ങൾക്കും പൊതുവായതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ധാർമികമായ പാഠഭാഗങ്ങൾക്കു പ്രാധാന്യം നല്കാൻ അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് മതങ്ങളെ അപേക്ഷിച്ച് നമ്മുടെ മതം മികച്ചതാണെന്ന ധാരണ പാടില്ല. മറ്റെല്ലാ മതങ്ങളോടുമുള്ള നമ്മുടെ മനോഭാവം തികച്ചും വ്യക്തവും ആത്മാർത്ഥവുമായിരിക്കണം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഹൃദയത്തിന്റെയും മനസ്സിന്റെയും ഐക്യം അദ്ദേഹം ആഗ്രഹിച്ചു.

     കാലികപ്രസക്തമായ അദ്ദേഹത്തിന്റെ വാക്കുകൾ “എല്ലാ മതങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നത് നന്മയും സമാധാനവുമാണ്. ഗീത, ഖുർആൻ, ബൈബിൾ, ഗ്രന്ഥ സാഹിബ്, സെൻഡ് അവെസ്ത എന്നിവയിൽ ജ്ഞാനത്തിന്റെ രത്നങ്ങൾ അടങ്ങിയിരിക്കുന്നു. എല്ലാവരോടും സേവനമനോഭാവവും സൗഹൃദവും  വേണം എന്നതാണ് യഥാർത്ഥ മത പഠനത്തിന്റെ സാരം എന്ന് ഞാൻ പഠിച്ചത് എന്റെ അമ്മയുടെ മടിയിൽനിന്നാണ്”.

 

 

ഗാന്ധിയൻ ആദർശങ്ങൾ സമൂഹത്തിന് എന്നും വെളിച്ചം പകരുന്നതും, കാലത്തിന് അതീതവുമാണ്. തന്റെ ദീർഘകാല ജീവിതത്തിലുടനീളം, ധാരണയുടെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അദ്ദേഹം സഹിഷ്ണുതയ്ക്കായി പ്രവർത്തിച്ചു. അഹിംസയിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യശക്തിയെ മുട്ടുകുത്തിച്ച, ആ മഹാത്മാവിന്റെ ദർശനങ്ങൾ നമ്മളിലൂടെ സമൂഹത്തിലേക്ക് വ്യാപിക്കട്ടെ.

*******

 

Leave a Reply

Your email address will not be published. Required fields are marked *